പ്രിയങ്കാ ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ മൗനം; പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചയായി വാരാണാസി

പ്രിയങ്കാ ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാകതെ കോണ്‍ഗ്രസ് നേതൃത്വം. പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചയായി മാറിയിരിക്കുകയാണ് പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം. നാളെ തന്നെ ഇതുസംബന്ധിച്ച തീരുമാനമെടുക്കാനാണ് പാര്‍ട്ടി താത്പര്യപ്പെടുന്നത്. പക്ഷേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിലായിരിക്കും ആദ്യം തീരുമാനമെടുക്കയെന്നാണ് വിവരം.

യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ മത്സരിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം എന്തു കൊണ്ട് തനിക്ക് വാരണാസിയില്‍ നിന്നും മത്സരിച്ച് കൂടെയെന്ന് പ്രിയങ്ക ചോദിച്ചിരുന്നു. ഇതിനു പിന്നാലെ വിഷയം പാര്‍ട്ടിതലത്തില്‍ ചര്‍ച്ചയായി.

സുരക്ഷിത മണ്ഡലം തേടാതെ മോദിക്കെതിരെ പ്രിയങ്ക മത്സരിച്ചാല്‍ ദേശീയ രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കുമെന്നും പാര്‍ട്ടിയില്‍ നിന്നും സൂചനകളുണ്ട്. വാരണാസിയില്‍ നിന്നും ജനവിധി തേടാന്‍ പ്രിയങ്ക തീരുമാനിച്ചാല്‍ ചിലപ്പോള്‍ സുരക്ഷിതമായ മറ്റൊരു മണ്ഡലത്തില്‍ കൂടി നെഹ്റു കുടുംബത്തിലെ ഇളംമുറക്കാരി മത്സരിച്ചേക്കും. അഥവാ വാരണാസിയില്‍ പരാജയപ്പെട്ടാലും ലോക്സഭയില്‍ എത്തുന്നതിനാണ് ഇത്. ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം വൈകുന്നതില്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.

പ്രത്യേകിച്ച് കേരളത്തില്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നത് യുഡിഎഫ് ക്യാമ്പില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. പ്രഖ്യാപനം വൈകുന്ന വേളയില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കുന്നതാണ് സാധ്യതയെന്നതാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ധാരണ. ഇതിന് വിഘാതമായ തീരുമാനം ഹൈക്കമാന്‍ഡില്‍ നിന്നും വന്നാല്‍ കേരളത്തിലെ പ്രചാരണത്തെ ബാധിക്കുമെന്നും നേതാക്കള്‍ക്ക് ആശങ്കയുണ്ട്. ഇതു സംബന്ധിച്ച പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.