യു.പിയില്‍ യോഗിയെ നേരിടാന്‍ പെണ്‍പടയെ ഇറക്കി പ്രിയങ്ക; വെറുപ്പിന്റെ രാഷ്ട്രീയത്തിന് വനിതകള്‍ അന്ത്യം കാണുമെന്ന് പ്രഖ്യാപനം

ഉത്തര്‍പ്രദേശില്‍ യോഗിയെ നേരിടാന്‍ പെണ്‍പടയെ ഇറക്കി പ്രിയങ്കയുടെ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നാല്‍പത് ശതമാനം സ്ത്രീകളെയാണ് മത്സരിപ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ ചരിത്രപരമായ തീരുമാനമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്. വെറുപ്പിന്റെ രാഷ്ട്രീയത്തിന് വനിതകള്‍ അന്ത്യം കാണുമെന്നായിരുന്നു യുപിയിലെത്തിയ പ്രിയങ്ക ഗാന്ധി പറഞ്ഞത്.

ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു ചുമതല എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് ഏകോപിപ്പിക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഒരുക്കത്തിനായി പ്രിയങ്ക ലഖ്‌നൗവില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കുറച്ചു മാസമായി സംസ്ഥാനത്തെ പ്രശ്നങ്ങളില്‍ പ്രിയങ്ക സജീവമായി ഇടപെടല്‍ നടത്തുന്നുമുണ്ട്. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കേന്ദ്രമന്ത്രിയുടെ മകന്‍ കര്‍ഷകരെ കാറിടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധത്തിന് അറസ്റ്റിലുമായിരുന്നു. 2017- ല്‍ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യത്തിലായിരുന്ന കോണ്‍ഗ്രസ് ഏഴ് സീറ്റു മാത്രമാണ് നേടിയിരുന്നത്.

അധികാര രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ സജ്ജരാകണം. ഇതിലൂടെ മാത്രമേ വിദ്വേഷ രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ സാധിക്കൂ. സ്ത്രീകള്‍ക്ക് മാറ്റം കൊണ്ടുവരാന്‍ കഴിയും, അതിന് അവര്‍ക്ക് മുന്നോട്ടുപോകേണ്ടതുണ്ട് എന്നായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍. കഴിവായിരിക്കും സ്ഥാനാര്‍ത്ഥിയാകാനുള്ള യോഗ്യതയെന്നും പ്രിയങ്ക പറഞ്ഞു. പരമ്പരാഗതമായി ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പുകളില്‍ ജാതിക്ക് വലിയ പങ്കാണുള്ളത്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍ പ്രദേശില്‍ വലിയ രാഷ്ട്രീയ നീക്കമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.