പെഹ്‌ലു ഖാൻ കൊലപാതക കേസ്; കോടതിയുടെ വിധി ഞെട്ടിച്ചെന്ന് പ്രിയങ്ക ഗാന്ധി

പെഹ്‌ലു ഖാനെ ആള്‍ക്കൂട്ടം ചേര്‍ന്ന് തല്ലിക്കൊന്ന കേസില്‍ കീഴ്‌ക്കോടതിയുടെ വിധി  ഞെട്ടിച്ചെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ട്വിറ്ററിലൂടെയാണ് കോടതി വിധിയെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി രംഗത്തുവന്നത്.

“പെഹ്‌ലു ഖാന്‍ കേസില്‍ കീഴ്‌ക്കോടതി വിധി ഞട്ടെിപ്പിക്കുന്നതാണ്. ആള്‍ക്കൂട്ട കൊലപാതകം പോലെ മനുഷ്യത്വരഹിതമായ പ്രവൃത്തിയ്ക്ക് നമ്മുടെ രാജ്യത്ത് സ്ഥാനമില്ല” പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു

ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ നിയമം കൊണ്ടുവന്ന രാജസ്ഥാന്‍ സര്‍ക്കാരിന്റെ നടപടി സ്വാഗതാര്‍ഹമാണ്. ഒരു നല്ല മാതൃക കാണിച്ചുകൊണ്ട് പെഹ്‌ലു ഖാനോട് നീതി കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു” , പ്രിയങ്ക മറ്റൊരു ട്വിറ്ററില്‍ കുറിച്ചു.

പെഹ്‌ലു ഖാന്‍ വധക്കേസിലെ ആറ് പ്രതികളെയും അല്‍വാറിലെ കീഴ്ക്കോടതി കുറ്റവിമുക്തരാക്കി രണ്ട് ദിവസത്തിന് ശേഷമാണ് പ്രിയങ്കയുടെ പ്രസ്താവന വന്നിരിക്കുന്നത്.2017 ഏപ്രില്‍ ഒന്നിനായിരുന്നു രാജസ്ഥാനില്‍നിന്ന് ഹരിയാനയിലേക്ക് പശുക്കളെയും കൊണ്ടുപോവുകയായിരുന്ന 55 കാരനായ ഖാനെയും സംഘത്തെയും രഗോരക്ഷ ഗുണ്ടകള്‍ ആക്രമിച്ചത്.