പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച ; മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. പഞ്ചാബില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കെത്തിയ പ്രധാനമന്ത്രിക്ക് സുരക്ഷ നല്‍കുന്നതിലെ വീഴ്ച സംബന്ധിച്ച അന്വേഷണത്തിനാണ് കോടതി ഉത്തരവ്. ഇതിനായി മൂന്നംഗ സിമിതിയെ സുപ്രീംകോടതി നിയോഗിച്ചു. വിരമിച്ച സുപ്രീംകോടതി ജഡ്ജി അദ്ധ്യക്ഷന്‍ ആയുള്ള സമിതിയില്‍ എന്‍ഐഎ ഡിജി, എഡിജി ഇന്റലിജന്‍സ് പഞ്ചാബ് എന്നിവര്‍ ആണ് അംഗങ്ങള്‍. സ്വതന്ത്ര സമിതി മതിയെന്ന് പഞ്ചാബ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം ആവാമെന്ന് ചീഫ് ജസ്റ്റിസ് നിലപാട് എടുക്കുകയായിരുന്നു.

എസ്പിജി നിയമത്തില്‍ വീഴ്ചകളുണ്ടായിട്ടില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. അതിനിടെ കഴിഞ്ഞ ആഴ്ച കേസ് പരിഗണിക്കുമ്പോള്‍ മറ്റു അന്വേഷണ നടപടികള്‍ മരവിപ്പിച്ച കോടതി ഉത്തരവ് കേന്ദ്രം ലംഘിച്ചുവെന്ന് പഞ്ചാബ് സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ കോടതി നടപടികള്‍ക്ക് മുമ്പാണ് നോട്ടീസ് അയച്ചതെന്നായിരുന്നു കേന്ദ്രവാദം.

അന്വേഷണ സമിതി രൂപീകരിച്ച ശേഷം കാരണംകാണിക്കല്‍ നോട്ടീസ് എന്തിന് നല്‍കിയെന്ന് ചോദിച്ച കോടതി ഡിജിപി ഉത്തരവാദിയെന്ന് എങ്ങനെ നിശ്ചയിച്ചു എന്നും ചോദിച്ചു. എസ്പിജി നിയമപ്രകാരമെന്ന് കേന്ദ്രം മറുപടി നല്‍കി. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാമെന്നും കേന്ദ്രം വ്യക്തമാക്കി.