2024ല്‍ മാര്‍പ്പാപ്പ ഇന്ത്യ സന്ദര്‍ശിക്കും; സിറോ മലബാര്‍ സഭയുമായി സഹകരിക്കും; മേജര്‍ ആര്‍ച്ചുബിഷപ്പ് റാഫേല്‍ തട്ടിലിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പാര്‍ലമെന്റ് ഹൗസില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ കൂടിക്കാഴ്ച്ച നടത്തി. സീറോമലബാര്‍സഭയുടെ നേതൃത്വസ്ഥാനം ഏറ്റെടുത്തതിനുശേഷം ആദ്യമായി ന്യൂഡല്‍ഹിയില്‍ എത്തിയ അവസരത്തിലാണ് മേജര്‍ ആര്‍ച്ചുബിഷപ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

മേജര്‍ ആര്‍ച്ചുബിഷപായി സ്ഥാനമേറ്റ അവസരത്തില്‍ ആശംസകളറിയിച്ചുകൊണ്ടു പ്രധാനമന്ത്രി അയച്ച കത്തിനു പിതാവു പ്രധാനമന്ത്രിയോടു നന്ദിപറഞ്ഞു. സീറോമലബാര്‍സഭയുടെ നേതൃത്വസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട അദേഹത്തിന് പ്രധാനമന്ത്രി എല്ലാവിധ ആശംസകളും ഒരിക്കല്‍ക്കൂടി നേരുകയും സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഇന്ത്യസന്ദര്‍ശനവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. 2024ല്‍ മാര്‍പ്പാപ്പ ഇന്ത്യയില്‍ എത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ അതിനായുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

തികച്ചും ഔപചാരികമായ കൂടിക്കാഴ്ചയില്‍ ഭാരതത്തിലെ ക്രൈസ്തവരുടെ പൊതുവായ സാഹചര്യം പ്രതിപാദനവിഷയമായി. ഫരീദാബാദ് രൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും മേജര്‍ ആര്‍ച്ചുബിഷപ്പിനോടൊപ്പം ഉണ്ടായിരുന്നു. കേന്ദ്രസഹമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.