അഭിമാനം പണയപ്പെടുത്താനില്ല; ആനന്ദ് ശര്‍മ, സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചു

കോണ്‍ഗ്രസില്‍ വീണ്ടും മുതിര്‍ന്ന നേതാവിന്റെ രാജി. ആനന്ദ് ശര്‍മ ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് സ്റ്റീയറിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജി വച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കാണ് ആനന്ദ് ശര്‍മ കത്ത് നല്‍കിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട യോഗങ്ങളില്‍ ഒന്നും തന്നെ ക്ഷണിക്കുന്നില്ലെന്ന് വിമര്‍ശിച്ചാണ് രാജി.

അതേസമയം ഹിമാചലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് വേണ്ടി ഇറങ്ങുമെന്ന് ആനന്ദ് ശര്‍മ സോണിയയെ അറിയിച്ചു. ഗുലാം നബി ആസാദ് ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ആനന്ദ് ശര്‍മയും രാജി പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായി.

രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ ഉപ നേതാവായിരുന്ന ആനന്ദ് ശര്‍മയെ, ഏപ്രില്‍ 26ന് ആണ് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് സ്റ്റീയറിങ് കമ്മിറ്റി ചെയര്‍മാന്‍ ആയി നിയമിച്ചത്. കോണ്‍ഗ്രസില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് രൂപീകരിച്ച ജി 23 നേതാക്കളില്‍ പ്രധാനിയാണ് അദ്ദേഹം

ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് പുനഃസംഘടിപ്പിച്ചുള്ള ഹൈക്കമാന്‍ഡ് പ്രഖ്യാപനം പുറത്തിറങ്ങിയതിന് പിന്നാലെ മറ്റൊരു മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് രാജി പ്രഖ്യാപിച്ചിരുന്നു. ഗുലാം അഹമ്മദ് മിര്‍നെ മാറ്റി സംസ്ഥാന അധ്യക്ഷനായി വികര്‍ റസൂല്‍ വനിയെ നേതൃത്വം നിയമിച്ചിരുന്നു. പ്രചാരണ വിഭാഗം ചെയര്‍മാന്‍, രാഷ്ട്രീയകാര്യ സമിതി അംഗം എന്നീ ചുമതലകള്‍ ഗുലാം നബി ആസാദിനും നല്‍കി. എന്നാല്‍ ആരോഗ്യ കാരണങ്ങളാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് ആസാദ് ഹൈക്കമാന്‍ഡിനെ അറിയിക്കുകയായിരുന്നു.