പ്രശാന്ത് ഭൂഷണിന് എതിരായ കോടതിയലക്ഷ്യ കേസ്; വിധി ഇന്ന്

പ്രശാന്ത് ഭൂഷണിനെതിരെയുള്ള കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസിൽ വിധി പറയുക. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേ ആഡംബര ബൈക്കിൽ ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് നടത്തിയ പരാമര്‍ശത്തിലൂടെ പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യം ചെയ്തുവെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ നാഗ്പുരിൽ വെച്ച് ഹാർലി ഡേവിഡ്‌സൺ ബൈക്കിൽ ഇരിക്കുന്ന ചിത്രത്തെ കുറിച്ചും കഴിഞ്ഞ ആറുവർഷത്തെ നാല് ചീഫ് ജസ്റ്റിസുമാരെക്കുറിച്ചുമായിരുന്നു പ്രശാന്ത് ഭൂഷൺന്റെ ട്വീറ്റുകൾ. ആരോപണങ്ങൾ വസ്തുതാപരമായി ശരിയല്ലെന്ന് സുപ്രീംകോടതി കണ്ടെത്തി.

മാപ്പ് പറയുന്നതിന് മൂന്ന് ദിവസത്തെ സമയം നേരത്തെ പ്രശാന്ത് ഭൂഷണ് കോടതി നൽകി. എന്നാൽ ട്വീറ്റ് പിൻവലിക്കാനോ മാപ്പ് പറയാനോ അദ്ദേഹം തയ്യാറായില്ല. ആരുടേയെങ്കിലും നിർബന്ധത്തിന് വഴങ്ങിയുള്ള ക്ഷമാപണം ആത്മാർത്ഥത ഇല്ലാത്തതാകുമെന്നും ട്വീറ്റിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിക്കുകയുണ്ടായി. ആറുമാസം വരെ തടവോ 2000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഭൂഷൺ ചെയ്തത്.