വീട്ടുജോലിക്കാരി നല്‍കിയ ലൈംഗിക പീഡന പരാതി; ജെഡിഎസ് മുന്‍ എംപി പ്രജ്ജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷ വിധി ശനിയാഴ്ച

പീഡനക്കേസില്‍ ജെഡിഎസ് മുന്‍ എംപി പ്രജ്ജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബംഗളൂരുവിലെ പ്രത്യേക കോടതി കേസില്‍ ശനിയാഴ്ച വിധി പറയും. ജെഡിഎസ് മുന്‍ എംപിയുടെ പേരിലുള്ള നാല് പീഡനക്കേസുകളില്‍ ഒന്നില്‍ മാത്രമാണ് നിലവില്‍ കോടതി വിധി വന്നിരിക്കുന്നത്. പ്രജ്ജ്വലിന്റെ കുടുംബത്തിലെ ജോലിക്കാരി നല്‍കിയ പരാതിയിലാണ് വിധി.

പ്രജ്ജ്വലിന്റെ കുടുംബത്തിന്റെ ഫാം ഹൗസില്‍ ജോലിക്കാരിയായ 48കാരി നല്‍കിയ പരാതിയിലാണ് കേസെടുത്തിരുന്നത്. രണ്ടുതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് കേസ്. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 26 തെളിവുകള്‍ നേരത്തെ കോടതി പരിശോധിച്ചിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രജ്ജ്വല്‍ രേവണ്ണ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പെന്‍ ഡ്രൈവ് വഴി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരെ 48കാരി പരാതി നല്‍കിയത്. ഹാസന്‍ ലോക്സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയായിരുന്നു പ്രജ്ജ്വല്‍. ദൃശ്യങ്ങള്‍ പുറത്തായതോടെ പ്രജ്ജ്വല്‍ രാജ്യം വിടുകയായിരുന്നു.

Read more

തുടര്‍ന്ന് മെയ് 31ന് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രജ്ജ്വലിനെ അന്വേഷണ സംഘം ബംഗളൂരു വിമാനത്താവളത്തില്‍ വച്ച് പിടികൂടുകയായിരുന്നു. പ്രജ്ജ്വലിനെതിരേ മൊഴികൊടുക്കുന്നത് ഒഴിവാക്കാന്‍ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയതിന് പ്രജ്ജ്വലിന്റെ അച്ഛനും എംഎല്‍എയുമായ എച്ച്ഡി രേവണ്ണയുടെയും അമ്മ ഭവാനി രേവണ്ണയുടെയും പേരിലും പൊലീസ് കേസെടുത്തിരുന്നു.