വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ജെഡിഎസ് മുന്‍ എം പി പ്രജ്ജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. പത്ത് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഏഴ് ലക്ഷം അതിജീവിതയ്ക്ക് നല്‍കും. കേസില്‍ പ്രജ്ജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് ബംഗളൂരുവിലെ പ്രത്യേക കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.
മുഖം വ്യക്തമാകാത്ത വീഡിയോകള്‍ തെളിവുകളായി ഉണ്ടായിരുന്ന കേസില്‍ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) നടത്തിയ വിദഗ്ധമായ അന്വേഷണമാണ് പ്രജ്ജ്വലിനെതിരേ കോടതിയില്‍ വഴിത്തിരിവായത്. പ്രജ്ജ്വലിനെതിരായ നാല് പീഡനക്കേസുകളില്‍ ആദ്യത്തെ കേസില്‍ പ്രതി കുറ്റക്കാരാണെന്ന് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി വെള്ളിയാഴ്ച വിധി പറഞ്ഞിരുന്നു.
ഹാസനിലെ പ്രജ്ജ്വലിന്റെ കുടുംബത്തിന്റെ ഫാം ഹൗസില്‍ ജോലിക്കാരിയായ 48കാരി നല്‍കിയ പരാതിയി ആയിരുന്നു ആദ്യത്തെ പീഡനക്കേസ്. പ്രജ്ജ്വല്‍ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ഇവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. രണ്ടു തവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് കേസ്. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 26 തെളിവുകള്‍ നേരത്തെ കോടതി പരിശോധിച്ചിരുന്നു.
കേസില്‍ പ്രചരിച്ചിരുന്ന വീഡിയോ തെളിവുകളുടെ ശാസ്ത്രീയ പരിശോധനയും ഡിഎന്‍എ പരിശോധനയും കേസില്‍ നിര്‍ണായകമായി. ഹാസനിലെ ഫാംഹൗസില്‍വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പ്രജ്ജ്വലിനെതിരേ വീട്ടുജോലിക്കാരി നല്‍കിയ മൊഴി. എസ്‌ഐടി നടത്തിയ പരിശോധനയില്‍ ഫാം ഹൗസിലെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സില്‍നിന്ന് പീഡനം നടന്ന ദിവസം ജോലിക്കാരി ധരിച്ചിരുന്ന അടിവസ്ത്രം കണ്ടെത്തി. സംഭവം നടന്ന് മൂന്നു വര്‍ഷമായിട്ടും ഈ വസ്ത്രം ആരും തൊടുകയോ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല.
തുടര്‍ന്ന് അന്വേഷണസംഘം നടത്തിയ ശാസ്ത്രീയപരിശോധനയില്‍ അടിവസ്ത്രത്തില്‍ പുരുഷബീജത്തിന്റെ സാന്നിധ്യം കണ്ടെത്തി. ശാസ്ത്രീയപരിശോധനയില്‍ ഇത് പ്രജ്ജ്വല്‍ രേവണ്ണയുടേതാണെന്ന് ഉറപ്പിച്ചു. ഇതിനുപുറമേ അടിവസ്ത്രത്തില്‍നിന്ന് ശേഖരിച്ച ഡിഎന്‍എ സാമ്പിളുകള്‍ പരാതിക്കാരിയുടേതാണെന്ന് ഡിഎന്‍എ പരിശോധനയിലും വ്യക്തമായി. ഇതാണ് കേസില്‍ നിര്‍ണായകമായത്.
പ്രചരിച്ച വീഡിയോകളിലെ പീഡനദൃശ്യങ്ങളില്‍ നിന്ന് പ്രതിയുടെ ശരീരഭാഗങ്ങള്‍ കാണുന്ന ഭാഗങ്ങളെല്ലാം അന്വേഷണസംഘം ആദ്യം ശേഖരിച്ചിരുന്നു. തുടര്‍ന്ന് പ്രതിയുടെ ജനനേന്ദ്രിയം, കൈപ്പത്തികള്‍, വിരലുകള്‍, കാല്‍പാദം എന്നിവയടക്കം ഓരോ ശരീരഭാഗത്തിന്റെയും ചിത്രങ്ങള്‍ പകര്‍ത്തി. എല്ലുകളുടെ ഘടനയും ആകൃതിയും കാല്‍വിരലുകളുടെ വളവുകളും വരെ സൂക്ഷ്മമായി പകര്‍ത്തിയിരുന്നു. തുടര്‍ന്ന് ഇവയെല്ലാം ഒത്തുനോക്കി. ഈ പരിശോധനയിലാണ് പ്രതിയുടെ ഇടതുകൈയിലെ നടുവിരലിലെ മറുകും ഇടതുകൈയിലെ ഒരുപാടും വീഡിയോയിലെ രംഗങ്ങളിലേതിന് സാദൃശ്യമുണ്ടെന്ന് കണ്ടെത്തിയത്.
ഫൊറന്‍സിക്, ഡെര്‍മറ്റോളജി, യൂറോളജി, ഓര്‍ത്തോപീഡിക്സ് വിദഗ്ധരടക്കം ഉള്‍പ്പെട്ട വിദഗ്ധസംഘം നടത്തിയ ശാസ്ത്രീയപരിശോധനയിലും ഇത് സ്ഥികീകരിച്ചു. വീഡിയോയില്‍നിന്ന് ശേഖരിച്ച ശബ്ദസാമ്പിളുകളും കേസില്‍ നിര്‍ണായകമായി. പരാതിക്കാരി വേദനയോടെ കരയുന്നതിന്റെ ശബ്ദസാമ്പിളുകളും പ്രതി വീഡിയോയില്‍ പതിഞ്ഞ സ്വരത്തില്‍ സംസാരിക്കുന്നതിന്റെ സാമ്പിളുകളുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. സംഭവസ്ഥലത്ത് ഫൊറന്‍സിക് സംഘം നടത്തിയ പരിശോധനയിലും കൂടുതല്‍ തെളിവുകള്‍ ലഭിച്ചിരുന്നു.
Read more
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെയാണ് പ്രജ്ജ്വല്‍ രേവണ്ണയുടെ പീഡനദൃശ്യങ്ങള്‍ പെന്‍ ഡ്രൈവ് വഴി പ്രചരിച്ചത്. ഹാസന്‍ ലോക്‌സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയായിരുന്നു പ്രജ്വല്‍. ദൃശ്യങ്ങള്‍ പുറത്തായതോടെ, വോട്ടെടുപ്പു നടന്ന ദിവസം രാത്രി പ്രജ്ജ്വല്‍ വിദേശത്തേക്ക് മുങ്ങി. തിരിച്ചുവന്നപ്പോള്‍ ബെംഗളൂരു വിമാനത്താവളത്തില്‍വെച്ച് കഴിഞ്ഞ വര്‍ഷം മേയ് 31നാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്ത്. പ്രജ്ജ്വലിനെതിരേ മൊഴികൊടുക്കുന്നത് ഒഴിവാക്കാന്‍ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയതിന് പ്രജ്വലിന്റെ അച്ഛനും എംഎല്‍എയുമായ എച്ച്ഡി രേവണ്ണയുടെയും അമ്മ ഭവാനി രേവണ്ണയുടെയും പേരിലും പോലീസ് കേസെടുത്തിരുന്നു. രേവണ്ണയെ അറസ്റ്റു ചെയ്യുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുമായിരുന്നു.







