പ്രവാചകനെ നിന്ദിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്; വ്യാപക പ്രതിഷേധം; ശ്രീനഗര്‍ എന്‍ഐടി അടച്ചു

പ്രവാചകനെ നിന്ദിക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചതിന് പിന്നാലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശ്രീനഗര്‍ എന്‍ഐടി അടച്ചു. ചൊവ്വാഴ്ചയാണ് കശ്മീരിയല്ലാത്ത വിദ്യാര്‍ത്ഥി പ്രവാചകനെ നിന്ദിക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥിക്കെതിരെ നടപടി ആവശ്യപ്പെട്ട് മറ്റ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയായിരുന്നു.

ശൈത്യകാല അവധിക്ക് പത്ത് ദിവസം മുന്‍പാണ് ക്യാംപസ് അടച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിദ്യാര്‍ത്ഥികളോട് ക്യാംപസും ഹോസ്റ്റലും വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ 1ന് 10 മണിക്ക് മുന്‍പായി വിദ്യാര്‍ത്ഥികള്‍ ക്യാംപസും ഹോസ്റ്റലും വിട്ടുപോകണമെന്നാണ് നിര്‍ദ്ദേശം.

ബുധനാഴ്ചയോടെ പ്രതിഷേധം മറ്റ് ക്യാംപസുകളിലേക്കും വ്യാപിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കശ്മീരിലെ മറ്റ് കോളേജുകളിലെ പഠനവും ഓണ്‍ലൈന്‍ വഴിയാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ശ്രീനഗറിലെ എന്‍ഐടിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യൂട്യൂബില്‍ നിന്നുള്ള വീഡിയോ ആണ് വിദ്യാര്‍ത്ഥി ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വച്ചത്.

പ്രവാചകനെ അവഹേളിച്ച വിദ്യാര്‍ത്ഥിയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധത്തിന് അയവുണ്ടായത്. വിദ്യാര്‍ത്ഥിക്കെതിരെ എന്‍ഐടി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ വിദ്യാര്‍ത്ഥി ക്യാംപസ് വിട്ടതായി പൊലീസ് പറയുന്നു.