'പൂജ ഖേഡ്കറിന് വിഷാദ രോഗവും, കണ്ണുകൾക്ക് തകരാറും'; റിപ്പോർട്ട് നൽകി അഹമ്മദ്നഗർ ജില്ലാ ആശുപത്രി

മഹാരാഷ്ട്രയിലെ വിവാദ ഐഎഎസ് ട്രെയിനി ഓഫീസർ പൂജ ഖേഡ്കറിന് വിഷാദ രോഗവും ഇരു കണ്ണുകൾക്ക് തകരാറും ഉള്ളതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലാ ആശുപത്രിയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയത്. 40 ശതമാനം കാഴ്ച വൈകല്യവും 20 ശതമാനം മാനസികാരോഗ്യ വൈകല്യവുമാണ് പൂജയ്ക്കുള്ളത്.

ദീർഘദൂര കാഴ്ചയെ ബാധിക്കുന്ന മയോപിക് ഡീജെനറേഷൻ എന്ന തകരാറാണ് പൂജാ ഖേഡ്കറിന്റെ ഇരു കണ്ണുകൾക്കുമുള്ളതെന്നാണ് റിപ്പോർട്ട്. അഹമ്മദ്നഗർ ജില്ലാ ആശുപത്രി സർജൻ ഡോ സഞ്ജയ് ഗോഖരെയാണ് റിപ്പോർട്ട് നൽകിയത്. 51 ശതമാനം വൈകല്യമാണ് പൂജയ്ക്കുള്ളത്. ജില്ലാ കളക്ടർ എസ് സലിമാത്തിനാണ് മെഡിക്കൽ റിപ്പോർട്ട് നൽകിയത്.

2018ൽ ഇവരെ പരിശോധിച്ച നേത്രരോഗ വിദഗ്ധനായ ഡോ എസ് വി രാസ്കാർ നൽകിയ റിപ്പോർട്ട് അനുസരിച്ച് 40 ശതമാനം വൈകല്യമാണ് പൂജയ്ക്കുള്ളത്. പിന്നീട് 2021ൽ ഇവരെ പരിശോധിച്ച മാനസികാരോഗ്യ വിദഗ്ധൻ ഡോ യോഗേഷ് ഗഡേക്കറും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മിനൽ കട്കോൽ പൂജാ ഖേഡ്കറിന് വിഷാദ രോഗമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കാഴ്ചാ വൈകല്യം 40 ശതമാനവും മാനസികാരോഗ്യത്തിൽ 20 ശതമാനം വൈകല്യമുണ്ടെന്നുമാണ് പൂജയുടെ വൈകല്യ സർട്ടിഫിക്കറ്റ് വിശദമാക്കുന്നത്. ഇത് അനുസരിച്ചാണ് പൂജ വൈകല്യ സർട്ടിഫിക്കറ്റ് നൽകിയത്.

മഹാരാഷ്ട്ര കേഡറിലെ 2022 ബാച്ച് സിവിൽ സർവീസ് പരീക്ഷ പാസാകാൻ വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ്, വ്യാജ പിന്നോക്ക വിഭാഗ സർട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ചുവെന്നാണ് പൂജയ്‌ക്കെതിരെ നേരത്തെ ഉയർന്ന ആരോപണം. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സർക്കാർ നിയോഗിച്ച അന്വേഷണ സംഘം പൂജയുടെ നിയമനം സംബന്ധിച്ചും മറ്റ് ആരോപണങ്ങളിലും അന്വേഷണം ആരംഭിച്ചിരുന്നു. സ്വകാര്യ ആഡംബരക്കാറിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതുൾപ്പെടെയുള്ള അച്ചടക്കലംഘനത്തിന് നടപടി നേരിട്ട ഐഎഎസ് ഉദ്യോഗസ്ഥയാണ് പൂജ ഖേദ്കർ.

Read more