മലിനീകരണ പ്രശ്‌നം, മെഴ്‌സിഡിസ് ബെന്‍സിന് നോട്ടീസ്; മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡിസ് ബെന്‍സ് പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ചുവെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. നിയമലംഘനങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെഴ്‌സിഡിസ് ബെന്‍സിന് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മാസം പൂനെയിലെ ചാക്കനിലുള്ള മെഴ്‌സിഡിസ് പ്ലാന്റില്‍ കഴിഞ്ഞ മാസം മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോഡി ചെയര്‍മാന്‍ സിദ്ധേഷ് കദമും മറ്റ് ഉദ്യോഗസ്ഥരും നടത്തിയ മിന്നല്‍ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. ആഢംബര കാര്‍ നിര്‍മ്മാതാക്കളോട് 15 ദിവസത്തിനകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മെഴ്‌സിഡിസ് ബെന്‍സില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും ഇതേ തുടര്‍ന്ന് 15 ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്പനിയ്ക്ക് നോട്ടീസ് നല്‍കിയതായും റീജിയണല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ ജഗ്നാഥ് സാലുംഖെ വ്യക്തമാക്കി.

മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കമ്പനി പാലിക്കുന്നില്ല. മലിനജല സംസ്‌കരണ പ്ലാന്റിലെ ക്ലാരിഫയറുകളും സെന്‍ട്രിഫ്യൂജ് യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നില്ല. ഡീസല്‍ എഞ്ചിനുകള്‍ക്കായി എമിഷന്‍ കണ്‍ട്രോള്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശവും കമ്പനി ഇതുവരെ പാലിച്ചിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തി.

Read more

അതേസമയം മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നോട്ടീസ് ലഭിച്ചതായി മെഴ്‌സിഡിസ് ബെന്‍സ് അറിയിച്ചു. നോട്ടീസിലെ പ്രശ്‌നങ്ങള്‍ക്ക് പഠിച്ച് മറുപടി നല്‍കുമെന്ന് സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. ചാക്കനില്‍ ആയിരം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പ്ലാന്റ് 2009ല്‍ ആണ് കമ്പനി സ്ഥാപിച്ചത്.