മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി; വിമത മന്ത്രിമാരുടെ വകുപ്പുകള്‍ എടുത്തു മാറ്റി

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയിൽ വിമതപക്ഷത്തുള്ള മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എടുത്തുമാറ്റി. ഭരണ സൗകര്യത്തിനായി വകുപ്പുകൾ മറ്റു മന്ത്രിമാരെ ഏൽപ്പിക്കുകയാണെന്നും ഔദ്യോഗിക വാർത്താക്കുറിപ്പിൽ സർക്കാർ അറിയിച്ചു.

മഹാവികാസ് അഘാഡി സർക്കാരിൽ ശിവേസനയ്ക്ക് പത്തു കാബിനറ്റ് മന്ത്രിമാരും നാല് സഹ മന്ത്രിമാരുമാണുള്ളത്. സഹമന്ത്രിമാർ എല്ലാവരും വിമത ക്യാംപിലാണ്. ഒൻപതു മന്ത്രിമാരാണ് നിലവിൽ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതപക്ഷത്ത് ഉള്ളത്.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും മകൻ ആദിത്യ താക്കറെയ്ക്കും പുറമേ അനിൽ പരബ്, സുഭാഷ് ദേശായി എന്നിവർ മാത്രമാണ് നിലവിൽ ഔദ്യോഗികപക്ഷത്തുള്ള സേനാ മന്ത്രിമാർ. ഇതിൽ ആദിത്യ താക്കറെ ഒഴികെയുള്ളവർ നിയമസഭാ കൗൺസിൽ അംഗങ്ങളാണ്.

അതിനിടെ, അയോഗ്യതാ നോട്ടീസിന് എതിരെ വിമത എംഎൽഎമാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. ഉദ്ധവ് താക്കറെയ്ക്കുള്ള പിന്തുണ പിൻവലിച്ചതായും സർക്കാരിനു നിലവിൽ ഭൂരിപക്ഷമില്ലെന്നും ഏകനാഥ് ഷിൻഡെ വിഭാഗം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.