ഡല്‍ഹി കലാപം; യെച്ചൂരി, യോഗേന്ദ്ര യാദവ് തുടങ്ങിയവർ ഗൂഢാലോചന നടത്തിയെന്ന് അനുബന്ധ കുറ്റപത്രം

ഫെബ്രവരിയിൽ ഡൽഹിയിൽ ഉണ്ടായ കലാപത്തിൻ്റെ ഗൂഢാലോചനയിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പങ്കെന്ന് അനുബന്ധ കുറ്റപത്രം. കലാപത്തിൽ വിദ്യാർത്ഥികളെ പ്രകോപിപ്പിച്ച് പങ്കെടുപ്പിച്ചു എന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്. യെച്ചൂരിക്കു പുറമെ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞ ജയതി ഘോഷ്, ഡൽഹി സർവകലാശാല പ്രൊഫസർ  അപൂർവാനന്ദ്, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, ഡോക്യുമെന്ററി സംവിധായകൻ രാഹുൽ റോയ് എന്നിവരെയും ഡൽഹി പോലീസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇവർക്കെതിരെ കേസെടുത്തിട്ടില്ല.

യെച്ചൂരി ഉൾപ്പെടുയുള്ളവർ കലാപത്തിനു പ്രേരിപ്പിച്ചു എന്ന് ജെഎൻയു വിദ്യാർത്ഥികളുമായ ദേവങ്കണ കലിത, നതാഷ നർവാൾ, ജാമിയ മിലിയ ഇസ്ലാമിയയിലെ ഗൾഫിഷ ഫാത്തിമ എന്നീ മൂന്ന് വിദ്യാർത്ഥികളുടെ കുറ്റസമ്മതത്തെ അടിസ്ഥാനമാക്കിയാണ് പ്രമുഖരെ പ്രതികളാക്കിയത്. പൊലീസിന്റെ ഈ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ഡൽഹി പൊലീസ് കേന്ദ്ര-ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്. അതിന്റെ നിയമവിരുദ്ധമായ നടപടികൾ ബിജെപിയുടെ ഉന്നത നേതൃത്വത്തിന്റെ രാഷ്ട്രീയത്തിന്റെ നേരിട്ടുള്ള ഫലമാണ് എന്ന് സീതാറാം യെച്ചൂരി ട്വിറ്ററിലൂടെ പ്രതികരിച്ചു. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നിയമാനുസൃതമായ സമാധാനപരമായ പ്രതിഷേധത്തെ അവർ ഭയപ്പെടുന്നു, പ്രതിപക്ഷത്തെ ലക്ഷ്യമിടാൻ ഭരണകൂട അധികാരം ദുരുപയോഗം ചെയ്യുന്നുഎന്നും സീതാറാം യെച്ചൂരി പറഞ്ഞു.