ജാദവ്പുര്‍ സര്‍വകലാശാലയിൽ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം; വിദ്യാര്‍ത്ഥികള്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തി പൊലീസ്

ജെഎന്‍യുവില്‍ മുഖംമൂടി അണിഞ്ഞെത്തിയ സംഘം വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരെയും ആക്രമിച്ച സംഭവത്തില്‍  പ്രതിഷേധിച്ച് കൊല്‍ക്കത്തയിലെ ജാദവ്പുര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ജാദവ്പുര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും എസ്എഫ്‌ഐ അടക്കമുള്ള ഇടത് സംഘടനകളുടെ പ്രവര്‍ത്തകരും ചേര്‍ന്നാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഈ സമയം ബിജെപി പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്.

രണ്ട് റാലികളും പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് തടഞ്ഞു. എന്നാല്‍ ഇരുവിഭാഗങ്ങളും മുദ്രാവാക്യം മുഴക്കി നേര്‍ക്കുനേര്‍ നിലയുറപ്പിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇരുവിഭാഗങ്ങളെയും അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടതോടെയാണ് ലാത്തിച്ചാര്‍ജ് നടത്തേണ്ടിവന്നതെന്ന് പൊലീസ് അവകാശപ്പെടുന്നു.

അതിനിടെ, ജെഎന്‍യുവിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഡല്‍ഹി ഇന്ത്യാഗേറ്റില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തി. ചെന്നൈയില്‍ വിദ്യാര്‍ത്ഥി കള്‍ മെഴുകുതിരികള്‍ കത്തിച്ച് പ്രതിഷേധിച്ചു. മുംബൈ ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ നിരവധി പേര്‍ പ്രതിഷേധിക്കാനെത്തി.