പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം; റോഡുമാര്‍ഗം വരുമെന്ന് കരുതിയില്ലെന്ന് ബി.കെ.യു നേതാവ്

പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡു മാര്‍ഗം വരുന്നുണ്ടെന്ന് അറിഞ്ഞല്ല റോഡ് ഉപരോധിച്ചത് എന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ക്രാന്തികാരി (ബികെയു) സംഘടന വ്യക്തമാക്കി.
ഫിറോസ്പുരിലെ റാലിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഇതുവഴിയാണ് വരുന്നത് അതിനാല്‍ റോഡ് ഒഴിവാക്കാന്‍ ഫിറോസ്പുര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് വെറുതെ പറഞ്ഞതാണ് എന്നാണ് തങ്ങള്‍ കരുതിയത് എന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് സുര്‍ജിത് സിംഗ് ഫൂല്‍ പറഞ്ഞു.

ഫിറോസ്പൂരിലെ റാലിയില്‍ പങ്കെടുക്കാന്‍ പോകുന്ന ബിജെപി വാഹനങ്ങള്‍ തടയുകയായിരുന്നു ലക്ഷ്യം. സമ്മേളനം നടക്കുന്ന സ്ഥലത്തിന് അടുത്ത് ഹെലിപാഡ് ഒരുക്കിയിരുന്നു അതിനാല്‍ മോദി ഹെലികോപ്റ്ററില്‍ ഇവിടേക്ക് എത്തുമെന്നാണ് കരുതിയത്. പ്രധാനമന്ത്രി ഇതിലെ വരുന്നുണ്ടെങ്കില്‍ ആ വിവരം ഒരു മണിക്കൂര്‍ മുമ്പാണോ അറിയുക എന്ന് ഫിറോസ്പുര്‍ എസ്.എസ്.പിയോട് തങ്ങള്‍ ചോദിച്ചുവെന്നും അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്ന് പൊലീസിനോട് തര്‍ക്കിച്ചു എന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഇതിലെ വരുന്നുണ്ടെന്ന് പറഞ്ഞത് പ്രതിഷേധക്കാരെ ഒഴിവാക്കാനുള്ള തന്ത്രമായിരുന്നു എന്ന് കരുതി റോഡില്‍ നിന്ന് ഒഴിയില്ലെന്ന പൊലീസിനോട് പറഞ്ഞതായും സുര്‍ജിത് ഫുല്‍ വ്യക്തമാക്കി.

Read more

ഡല്‍ഹിയില്‍ റാലിക്ക് ചെന്നപ്പോള്‍ മുള്ളാണി വിതറി മോദിക്ക് തടസം സൃഷ്ടിച്ചെന്നും അദ്ദേഹത്തിന് മടങ്ങേണ്ടി വന്നതില്‍ സന്തുഷ്ടരാണ് എന്നും ബികെയു ക്രാന്തികാരി അറിയിച്ചു. മിനിമം താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ നല്‍കുന്ന ബില്‍ കൊണ്ടുവരിക, സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല ഇതിനെ തുടര്‍ന്നായിരുന്നു കര്‍ഷകരുടെ പ്രതിഷേധം.