മദ്രസകളില്‍ മോഡിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണം; വിചിത്ര നിര്‍ദ്ദേശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

എല്ലാ മദ്രസകളിലും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് വിചിത്ര നിര്‍ദ്ദേശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. യാഥാസ്ഥിതിക കാഴ്ചപ്പാടുകളില്‍ നിന്ന് മാറാന്‍ മദ്രസകള്‍ തയ്യാറാവണം. മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രധാനമന്ത്രിയുടെ ഛായചിത്രം പ്രദര്‍ശിപ്പിക്കേണ്ടതാണ്.അതില്‍ നിന്നും ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ലെന്നും റാവത്ത് അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കേണ്ടത് സര്‍ക്കാരില്‍ നിന്നും ഗ്രാന്റ് സ്വീകരിക്കുന്ന സ്ഥാപനങ്ങളാണ്. അതിനായി മദ്രസകള്‍ തങ്ങളുടെ യാഥാസ്ഥിതിക കാഴ്ചപ്പാടുകളില്‍ നിന്ന് മാറി ചിന്തിക്കണമെന്ന് റാവത്ത് പറയുന്നു.

എന്നാല്‍ മുഖ്യമന്ത്രിയുടെ നിലപാട്് അംഗീകരിക്കാനാവില്ലെന്ന്മദ്രസാ ബോര്‍ഡ് അഭിപ്രായപ്പെട്ടു. ജീവിച്ചിരിക്കുന്നവരുടെ ഫോട്ടോകള്‍ പള്ളികള്‍ക്കുള്ളിലും മദ്രസകള്‍ക്കുള്ളിലും സ്ഥാപിക്കുന്നത് ഇസ്ലാം മതവിശ്വാസപ്രകാരം തെറ്റാണെന്ന് മദ്രസാ ബോര്‍ഡ് ഡെപ്യൂട്ടി രജിസ്ട്രാര്‍ അഖ്‌ളാഖ് അഹമ്മദ് വ്യക്തമാക്കി.