ദുരന്തത്തിലേക്ക് കൂപ്പുകുത്തി കൊണ്ടിരുന്ന സമ്പദ് വ്യവസ്ഥയെ എന്‍.ഡി.എ സര്‍ക്കാര്‍ സുസ്ഥിരപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

അഞ്ചാറ് വര്‍ഷം മുമ്പ് ദുരന്തത്തിലേക്ക് കൂപ്പു കുത്തി കൊണ്ടിരുന്ന നമ്മുടെ സമ്പദ് വ്യവസ്ഥയെ എന്‍.ഡി.എ സര്‍ക്കാര്‍ സുസ്ഥിരപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാത്രമല്ല സമ്പദ് വ്യവസ്ഥയില്‍ അച്ചടക്കം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ എന്‍.ഡി.എ സര്‍ക്കാര്‍ നടത്തിയെന്നും മോദി പറഞ്ഞു.

വ്യവസായ മേഖലയുടെ പതിറ്റാണ്ടുകളായുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ ചെലുത്തിയെന്നും മോദി വ്യക്തമാക്കി. കര്‍ഷകരേയും തൊഴിലാളികളേയും വ്യവസായികളേയും കേള്‍ക്കുന്ന സര്‍ക്കാരാണ് നമ്മുടേതെന്നും മോദി പറഞ്ഞു. വ്യവസായികളുടെ സംഘടനയായ അസോചാമിന്റെ നൂറാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

സുതാര്യതയും കാര്യക്ഷമതയും നിലനിര്‍ത്താനായി മുഖം നോക്കാതെയുള്ള നികുതിഘടന എന്ന സംവിധാനത്തിലേക്കാണ് ഇനി നീങ്ങുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപ തോത് ഏറെ വര്‍ദ്ധിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. “ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ്”, ഫസ്റ്റ് ഡെവലപ് ഇന്ത്യ”” എന്നാണ് എഫ്.ഡി.ഐ എന്നതുകൊണ്ട് താന്‍ ഉദ്ദേശിക്കുന്ന രണ്ട് കാര്യങ്ങളെന്ന് മോദി വ്യക്തമാക്കി.