ഇത് ചരിത്രപ്രധാനമായ ദിവസം: പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയതിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയതിനെ സ്വാഗതം ചെയ്തു പ്രധാനമന്ത്രി നരേന്ദ്രമോദി.  ചരിത്രപ്രധാനമായ ദിവസമാണ് ഇതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയതിൽ ഏറെ സന്തോഷമുണ്ട്. ബില്ലിന് അനുകൂലമായി വോട്ടു ചെയ്ത എല്ലാ രാജ്യസഭാംഗങ്ങൾക്കും നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

നിരവധി ജനങ്ങൾ വർഷങ്ങളായി അനുഭവിക്കുന്ന ദുരിതം അകറ്റുന്നതാകും ബില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നമാണു യാഥാർത്ഥ്യമായിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. നിയമം കൊണ്ടുവന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നന്ദി അറിയിക്കുന്നതായും അമിത് ഷാ ട്വിറ്ററിൽ‌ അറിയിച്ചു.

ബിൽ പാസായതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഭയാർത്ഥികൾ ആഘോഷം ആരംഭിച്ചു. അതേസമയം നിര്‍ണായകമായ വോട്ടെടുപ്പ് ദിവസം പാർട്ടിയുടെ രാജ്യസഭാംഗങ്ങള്‍ സഭയിൽ എത്താത്തതിൽ വിശദീകരണവുമായി എൻസിപി രംഗത്തെത്തി. എൻസിപിയുടെ എംപിമാരായ മജീദ് മേമൻ, വന്ദന ചവാൻ എന്നിവര്‍ക്കു വ്യക്തിപരമായ കാരണങ്ങളാലാണ് സഭയിലെത്താൻ സാധിക്കാതിരുന്നതെന്ന് എൻസിപി നേതാവ് പ്രഫുൽ പട്ടേൽ പ്രതികരിച്ചു