'ഞാന്‍ വികാരാധീനനാണ്, ജീവിതത്തിലാദ്യമാണ് ഇത്തരമൊരു വികാരം അനുഭവവേദ്യമാകുന്നത്'; പ്രാണപ്രതിഷ്ഠാ വേളയില്‍ ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ ദൈവമാണ് തന്നെ തെരഞ്ഞെടുത്തതെന്ന് നരേന്ദ്ര മോദി

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് രാജ്യത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സന്ദേശം. 10 മിനിട്ട് ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രധാനമന്ത്രി പുറത്തുവിട്ടത്. ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കുന്നതിന് ഇന്ന് മുതല്‍ 11 ദിവസത്തെ വ്രതം അനുഷ്ടിക്കുമെന്ന് ശബ്ദസന്ദേശത്തില്‍ പ്രധാനമന്ത്രി അറിയിക്കുന്നുണ്ട്. ചില ശക്തമായ നേര്‍ച്ചകളും ശപഥങ്ങളും കൈക്കൊണ്ടുവെന്നും പ്രധാനമന്ത്രി സന്ദേശത്തില്‍ പറയുന്നു.

ഞാന്‍ വികാരാധീനനാണ്. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു വികാരം അനുഭവവേദ്യമാകുന്നത്. ദൈവം എല്ലാ ഇന്ത്യക്കാരേയും പ്രതിനിധീകരിക്കാന്‍ ഒരു നിമിത്തമായി എന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്.

ചരിത്രനിമിഷമെന്നും പുണ്യമുഹൂര്‍ത്തമെന്നുമെല്ലാമാണ് അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ കുറിച്ച് പ്രധാനമന്ത്രി വിവരിക്കുന്നത്. പുതിയതായി നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തില്‍ രാം ലല്ല, അഥവാ രാമന്റെ ചെറുപ്രായത്തിലുള്ള ബിംബമാണ് പ്രതിഷ്ഠിക്കുന്നത്.

എല്ലാവരും ജനുവരി 22 നായി കാത്തിരിക്കുകയാണ്. രാജ്യത്തെ ജനങ്ങള്‍ തനിക്ക് ആശിര്‍വാദം നല്‍കണം. മംഗളകരവും ചരിത്രത്തിന്റെ ഭാഗമാകുന്നതുമായ ഈ അവസരത്തില്‍ സാക്ഷിയാകാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണ്. എനിക്ക് ആഗ്രഹമുണ്ടെങ്കിലും, ഈ അവസരത്തിന്റെ ആഴവും വിശാലതയും തീവ്രതയും എനിക്ക് വാക്കുകളില്‍ പകര്‍ത്താന്‍ കഴിയില്ല. നിങ്ങള്‍ക്ക് എന്റെ അവസ്ഥ മനസ്സിലാക്കാന്‍ കഴിയും. നിരവധി തലമുറകള്‍ വര്‍ഷങ്ങളായി നെഞ്ചിലേറ്റിയ സ്വപ്നം, അതിന്റെ പൂര്‍ത്തീകരണത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ഞാന്‍ ഭാഗ്യവാനാണ്. ദൈവം എന്നെ എല്ലാ ഇന്ത്യക്കാരുടെയും പ്രതിനിധിയാക്കി മാറ്റിയിരിക്കുകയാണ്. ഞാന്‍ ഒരു ഉപകരണം മാത്രമാണ്. ഇതൊരു വലിയ ഉത്തരവാദിത്തമാണ്.

പ്രതിഷ്ഠാ ചടങ്ങിലേക്ക് എല്ലാ ജനങ്ങളില്‍ നിന്നുമുള്ള അനുഗ്രഹം ആവശ്യമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി തന്നിലേക്ക് എത്താന്‍ തന്റെ നമോ ആപ്പിലേക്ക് എത്തിച്ചേരാനും ജനങ്ങളെ ക്ഷണിക്കാന്‍ മറന്നില്ല.

ജീവിതത്തിലെ ചില നിമിഷങ്ങള്‍ യാഥാര്‍ത്ഥ്യമായി മാറുന്നത് ദൈവിക അനുഗ്രഹം കൊണ്ടാണെന്നും ഇന്ന് നമുക്കെല്ലാവര്‍ക്കും ലോകമെമ്പാടുമുള്ള രാമഭക്തര്‍ക്കും ഇത് വളരെ പുണ്യമുള്ള അവസരമാെന്നും തന്റെ 10 മിനിട്ട് നീണ്ട ശബ്ദസന്ദേശത്തില്‍ പ്രധാനമന്ത്രി പറയുന്നുണ്ട്. എല്ലായിടത്തും ശ്രീരാമനോടുള്ള ഭക്തിയുടെ അത്ഭുതകരമായ അന്തരീക്ഷമുണ്ടെന്നും പറയുന്ന പ്രധാനമന്ത്രി വളരെ ഭക്തിസാന്ദ്രമായ ശബ്ദത്തിലാണ് ജനങ്ങള്‍ക്ക് സന്ദേശം കൈമാറിയിരികിക്കുന്നത്.

Read more

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി ഒരു പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയ പരിപാടിയായി മാറ്റുന്നതില്‍ രാജ്യമെമ്പാടും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ ശബ്ദസന്ദേശം പുറത്തുവരുന്നത്. അയോധ്യയിലേക്കില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിനെതിരെ ശക്തമായ ക്യാമ്പെയിനിംഗ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ ഹൈന്ദവാചാര്യന്മാര്‍ക്കിടയിലും ഭിന്നതയുണ്ടായത് വലിയ ചര്‍ച്ചയാവുന്നുണ്ട്. ഹൈന്ദവാചാര വിധിക്കനുസരിച്ചല്ല ചടങ്ങെന്ന് കാണിച്ച് ശങ്കരാചാര്യന്മാരടക്കം അറിയിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പുരി ഗോവര്‍ധന മഠാധിപതി ശങ്കരാചാര്യ, നിശ്ചലാനന്ദ സരസ്വതി അറിയിക്കുകയും പിന്നാലെ രാമ ക്ഷേത്രത്തിന്റെ നിര്‍മാണം കഴിയും മുന്‍പേ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നത് ശാസ്ത്ര വിധികള്‍ക്ക് എതിരാണെന്നാണ് പറഞ്ഞു ഉത്തരാഖണ്ട് ജ്യോതിഷ്പീഠിലെ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിയും രംഗത്തുവന്നിരുന്നു.