മണിപ്പൂരിനെക്കാൾ മോദിയ്ക്ക് താൽപ്പര്യം ഇസ്രായേലിനോട്; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

മണിപ്പൂരിൽ മാസങ്ങളായി നടക്കുന്ന സംഘർഷത്തേക്കാൾ ഇസ്രയേൽ- ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താൽപര്യമെന്ന് രാഹുൽ ഗാന്ധിയുടെ വിമർശനം. മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ എത്തിയതായിരുന്നു രാഹുൽ.

ഇസ്രായേലിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും വളരെ താൽപ്പര്യമുണ്ട്. എന്നാൽ മണിപ്പൂർ വിഷയത്തിൽ അവർക്ക് ഈ താൽപ്പര്യമില്ല, അതെന്നെ അത്ഭുതപ്പെടുത്തുകയാണ്’- രാഹുൽ ഗാന്ധി പറഞ്ഞു. ജൂണിൽ നടത്തിയ മണിപ്പൂർ സന്ദർശനത്തെ പരാമർശിച്ച രാഹുൽ ഗാന്ധി, താൻ അവിടെ കണ്ട കാഴ്ചകൾ വിശ്വസിക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞു.

‘മണിപ്പൂർ എന്ന ആശയം ബിജെപി തകർത്തു. മണിപ്പൂർ ഇപ്പോൾ ഒരു സംസ്ഥാനമല്ല, രണ്ടായി വിഭജിക്കപ്പെട്ടു’-മെയ്തേയ്, കുക്കി സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തെ പരാമർശിച്ച് കോൺഗ്രസ് നേതാവ് പറഞ്ഞു. ‘ആളുകൾ കൊല്ലപ്പെട്ടു, സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടു, കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു, എന്നാൽ പ്രധാനമന്ത്രിക്ക് ഇത് പ്രധാനമായി തോന്നുന്നില്ലായെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

മെയ് മാസത്തിൽ തുടങ്ങിയ സംഘർഷം ഇപ്പോഴും തുടരുമ്പോഴും പ്രധാനമന്ത്രി ഇതുവരെ അവിടം സന്ദർശിക്കാത്തത് ലജ്ജാകരമാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുകയാണെന്നും രാജ്യത്തെ ജനങ്ങൾക്കുമേൽ അടിച്ചമർത്തൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മിസോറാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ രാഹുൽ ഗാന്ധി, രണ്ട് കിലോമീറ്ററോളം ദൂരമാണ് പദയാത്ര നടത്തിയത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി മിസോറാമിലെത്തിയത്.