പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച; കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. സംഭവത്തില്‍ വീഴ്ച അന്വേഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയോഗിച്ച സമിതികളുടെ നടപടികള്‍ തിങ്കളാഴ്ചവരെ നിര്‍ത്തിവെക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

സുരക്ഷാ വീഴ്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ‘ലോയേഴ്സ് വോയ്സ്’ എന്ന സംഘടനയാണ് സുപ്രീംകോടിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഗൗരവമേറിയ വീഴ്ചയാണ് ഉണ്ടായത് എന്ന് ഹര്‍ജിയില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ സംരക്ഷണം ദേശീയ സുരക്ഷാ പ്രശ്നമാണ്. ഇത് പാര്‍ലമെന്റിന്റെ പരിധിയില്‍ വരുന്നതാണെന്നും സംഘടന നല്‍കിയ ഹര്‍ജിയില്‍ പറയുന്നുണ്ട്. സുരക്ഷാ വിഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണം, ഇനി ഇത്തരം വീഴ്ചകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണം എന്നുമാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ജനുവരി 5ന് ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോകുന്നതിന് ഇടയിലാണ് സുരക്ഷാവീഴ്ചയുണ്ടായത്. സ്മാരകത്തിലേക്ക് പോകുന്നതിനിടെ പ്രതിഷേധവുമായി കര്‍ഷകര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. തുടര്‍ന്ന് 20 മിനിറ്റോളം നേരം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്‌ളൈഓവറില്‍ കുടുങ്ങി കിടന്നു. രക്ത സാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് പരിപാടികള്‍ റദ്ദാക്കി പ്രധാനമന്ത്രി തിരിച്ച് പോകുകയായിരുന്നു.