തമിഴ്‌നാട്ടില്‍ അണ്ണാമലൈ-തമിഴിസൈ ഉരസല്‍; ചേരിതിരിഞ്ഞ് പോര്‍വിളിച്ച് അണികള്‍; തമ്മിലടി നിര്‍ത്താന്‍ ഇടപെട്ട് കേന്ദ്ര നേതൃത്വം; അടിയന്തര റിപ്പോര്‍ട്ട് തേടി

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപി തമിഴ്‌നാട് ഘടകത്തില്‍ ഉണ്ടായ അണ്ണാമലൈ-തമിഴിസൈ ഉരസലില്‍ വലഞ്ഞ് കേന്ദ്ര നേതൃത്വം. രണ്ടു പക്ഷവും ചേരിതിരിഞ്ഞ് പോര്‍വിളി ആരംഭിച്ചതോടെ സംഭവത്തില്‍ കേന്ദ്രനേതൃത്വം ഇടപെട്ടിട്ടുണ്ട്.

നേതാക്കള്‍തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് പാര്‍ട്ടി ദേശീയനേതൃത്വം റിപ്പോര്‍ട്ട് തേടി. പാര്‍ട്ടിയില്‍ തമിഴ്നാടിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ സംസ്ഥാന ഉന്നതസമിതി അംഗങ്ങളായ മഹിളാമോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന്‍, മുന്‍കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണന്‍ എന്നിവരോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

തമിഴിസൈയും അണ്ണാമലൈയും തമ്മിലുള്ള പ്രശ്‌നം, സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ അണ്ണാമലൈയുടെ പ്രവര്‍ത്തനം, മറ്റു നേതാക്കളുമായുള്ള ഏകോപനം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട പരാജയത്തിനുള്ള കാരണം എന്നിവ വിശദീകരിക്കാനാണ് പീയൂഷ് ഗോയല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കാന്‍ കഴിയാതിരുന്നത് പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായെന്ന് തമിഴിസൈ പരസ്യമായി അഭിപ്രായപ്പെട്ടതോടെയാണ് പോരിന് തുടക്കമായത്.

എന്നാല്‍, അണ്ണാമലൈയുടെ അനുയായികള്‍ സാമൂഹികമാധ്യമങ്ങളില്‍ തമിഴിസൈയെ രൂക്ഷമായി വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. പിന്നീട് ചില മുതിര്‍ന്നനേതാക്കള്‍ തമിഴിസൈയെ പിന്തുണച്ചു രംഗത്തുവന്നതോടെ പോര് കടുക്കുകയായിരുന്നു.

അണ്ണാമലൈ അധ്യക്ഷനായശേഷം ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പാര്‍ട്ടിയില്‍ ചേര്‍ത്തു. പലനേതാക്കളും ഇതു ശരിവെക്കുന്നുണ്ട്. അണ്ണാമലൈയുടെ ഏകപക്ഷീയമായ തീരുമാനങ്ങളും കര്‍ക്കശമായ നിലപാടുകളുമാണ് തിരഞ്ഞെടുപ്പു തോല്‍വിക്കു കാരണമെന്നും അവര്‍ പറഞ്ഞു.

2019 ലോക്‌സഭ തിരഞ്ഞെടുപ്പിലേതുപോലെ അണ്ണാ ഡി.എം.കെ.യും ബി.ജെ.പി.യും സഖ്യം തുടര്‍ന്നിരുന്നെങ്കില്‍ ഇത്തവണ ഏതാനും സീറ്റുകളില്‍ വിജയിക്കാമായിരുന്നു. യാതൊരു കണക്കുകൂട്ടലുകളുമില്ലാതെയാണ് അണ്ണാമലൈ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്.

ഏകാധിപതിയെപ്പോലെ പെരുമാറി. തോല്‍വിയില്‍പ്പോലും അണ്ണാ ഡി.എം.കെ.യെ അപകീര്‍ത്തിപ്പെടുത്തി. താന്‍ അധ്യക്ഷസ്ഥാനത്തു തുടരുകയാണെങ്കില്‍ 2026 നിയമസഭാ തിരഞ്ഞെടുപ്പിലും അണ്ണാ ഡി.എം.കെ.യെ അകറ്റിനിര്‍ത്തുമെന്ന് വെല്ലുവിളിച്ചുവെന്നും അവര്‍ പറയുന്നു.

അതേസമയം, അണ്ണാ ഡിഎംകെ നേതാക്കളും അണ്ണാമലൈക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. അണ്ണാമലൈ നാവടക്കിയിരുന്നെങ്കില്‍ രണ്ടുപാര്‍ട്ടികള്‍ക്കും മികച്ച വിജയമുണ്ടാകുമായിരുന്നുവെന്ന് അണ്ണാ ഡിഎംകെ നേതാവും പ്രതിപക്ഷ ഉപനേതാവുമായ ആര്‍.ബി. ഉദയകുമാര്‍ പറഞ്ഞു.