പ്രധാനമന്ത്രിക്ക് കത്തെഴുതിയ 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ഹര്‍ജി

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ആള്‍ക്കൂട്ട ആക്രമണം, മതവിദ്വേഷത്തിന്റെ പേരിലുള്ള ആക്രമണം എന്നിവയില്‍ ആശങ്ക രേഖപ്പെടുത്തി, നടപടിയാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തെഴുതിയ 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ഹര്‍ജി.ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹം, മതവികാരം വ്രണപ്പെടുത്തല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ഭംഗംവരുത്തല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വകുപ്പുകളുള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് ഹര്‍ജി.

അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓഝയാണ് ബിഹാറിലെ മുസഫര്‍പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ശനിയാഴ്ച ഹര്‍ജി നല്‍കിയത്. പ്രധാനമന്ത്രിക്ക് കത്തെഴുതിയ 49 പേര്‍ക്കെതിരേ വെള്ളിയാഴ്ച കത്തെഴുതിയ 61 പ്രമുഖരില്‍പ്പെട്ട ഹിന്ദിനടി കങ്കണ റണൗട്ട്, ബോളിവുഡ് സംവിധായകരായ മാഥുര്‍ ഭണ്ഡാര്‍ക്കര്‍, വിവേക് അഗ്‌നിഹോത്രി എന്നിവരെ സാക്ഷികളായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരേ കത്തെഴുതിയ 49 പേരും രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിച്ചെന്നും പ്രധാനമന്ത്രിയുടെ ശ്രദ്ധേയമായ പ്രകടനത്തെ അട്ടിമറിക്കുകയാണെന്നും ഓഝ ആരോപിച്ചു. വിഘടനവാദ പ്രവണതകളെ പിന്തുണയ്ക്കുന്നവരാണ് ഇവരെന്നും കുറ്റപ്പെടുത്തി. ഹര്‍ജി ഓഗസ്റ്റ് മൂന്നിനു പരിഗണിച്ചേക്കും.

ചലച്ചിത്രസംവിധായകരായ മണിരത്‌നം, അനുരാഗ് കശ്യപ്, ശ്യാം ബെനഗല്‍, അപര്‍ണ സെന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ഹിന്ദുസ്ഥാനി സംഗീതജ്ഞ ശുഭാ മുദ്ഗല്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ തുടങ്ങിയവരാണ് “മതസ്വത്വത്തിന്റെപേരില്‍ നടക്കുന്ന വിദ്വേഷക്കുറ്റകൃത്യങ്ങളി”ല്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്കു കത്തെഴുതിയത്. “ജയ് ശ്രീറാം” എന്നത് യുദ്ധകാഹളമായി മാറുന്നെന്നും ഇവര്‍ പരിതപിച്ചിരുന്നു.