പതഞ്ജലി സമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നു; ഓരോ പരസ്യത്തിനും ഒരു കോടി രൂപ പിഴ ഈടാക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ്

പതഞ്ജലി ഉത്പന്നങ്ങളുടെ വസ്തുത വിരുദ്ധമായ പരസ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി. സമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങള്‍ ഉത്പന്നങ്ങള്‍ക്ക് നല്‍കുന്നത് തുടര്‍ന്നാല്‍ ഓരോ പരസ്യത്തിനും ഒരു കോടി രൂപ പിഴ ഈടാക്കുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. ഇത്തരം പരസ്യങ്ങള്‍ എത്രയും വേഗം നീക്കം ചെയ്യാന്‍ ബാബാ രാംദേവിന്റെയും ബാലകൃഷ്ണയുടെയും ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദിക്കിന് കോടതി നിര്‍ദ്ദേശം നല്‍കി.

പതഞ്ജലിക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ പരാതി പരിഗണിക്കവേ ജസ്റ്റിസ് അഹ്‌സാനുദ്ദീന്‍ അമാനുള്ള, പ്രശാന്ത് മിശ്ര എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ആയുര്‍വേദ ഉത്പന്നങ്ങള്‍ എന്ന പേരില്‍ കമ്പനി പുറത്തിറക്കുന്ന ഉത്പന്നങ്ങളാണ് വിവിധ രോഗങ്ങള്‍ സുഖപ്പെടുത്തുമെന്ന് അവകാശപ്പെടുന്നത്.

ഇതുമായി ബന്ധപ്പെട്ട് നല്‍കുന്ന പരസ്യങ്ങള്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നവയാണെങ്കില്‍ പിഴ ഈടാക്കുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. അടുത്ത വര്‍ഷം ഫെബ്രുവരി 5ന് വീണ്ടും കോടതി കേസ് പരിഗണിക്കും. ഹര്‍ജിയില്‍ നേരത്തെ കോടതി കേന്ദ്ര ആരോഗ്യ ആയുഷ് മന്ത്രാലയങ്ങള്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

പ്രമേഹം ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങള്‍ക്ക് പതഞ്ജലി ഉത്പന്നങ്ങള്‍ നിര്‍ദ്ദേശിച്ച് മുഖ്യധാര മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരസ്യങ്ങള്‍ നല്‍കിയിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തില്‍ മരുന്നുകള്‍ക്ക് വലിയ തോതില്‍ പാര്‍ശ്വഫലങ്ങളുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു പരസ്യം. ഇതേ തുടര്‍ന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോടതിയെ സമീപിച്ചത്.