നീതി ആയോഗ് മേധാവിയായി മലയാളി; പരമേശ്വരൻ അയ്യർ പുതിയ സി.ഇ.ഒ.

നീതി ആയോ​ഗിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി പരമേശ്വരൻ അയ്യരെ നിയമിച്ചു. നിലവിലെ സിഇഒ അമിതാഭ് കാന്ത് ഈ മാസം 30ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. അടുത്ത രണ്ട് വർഷത്തേക്കാണ് നിയമനം. 1981 ബാച്ച് യുപി കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അയ്യർ കേന്ദ്രസർക്കാരിന്റെ അഭിമാനപദ്ധതികളിലൊന്നായ സ്വച്ഛ് ഭാരതിന്റെ മുഖ്യ നേതൃത്വകനുമായിരുന്നു.

2009-ൽ സർവീസിൽനിന്ന് സ്വയം വിരമിച്ച പരമേശ്വരൻ അയ്യരെ 2016-ൽ കേന്ദ്രസർക്കാർ കുടിവെള്ളം-ശുചിത്വമന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിച്ചു. ദേശീയ സ്വച്ഛ് ഭാരത് മിഷൻ പദ്ധതി അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് മന്ത്രാലയം നടപ്പാക്കിയത്.
ജലവിഭവം, ശുചിത്വം തുടങ്ങിയ മേഖലകളിൽ നൂതനാശയങ്ങൾ ആവിഷ്‌കരിച്ചിട്ടുള്ള അയ്യർ 1998 മുതൽ 2006 വരെ ഐക്യരാഷ്ട്രസഭയിൽ മുതിർന്ന ഗ്രാമീണ ജലശുചിത്വ വിദഗ്ധനായും പ്രവർത്തിച്ചിട്ടുണ്ട്.

2020-ൽ കുടിവെള്ളം-ശുചിത്വമന്ത്രാലയം സെക്രട്ടറി പദവിയിൽനിന്ന് വിരമിച്ച് ലോകബാങ്കിൽ പ്രവർത്തിക്കാനായി അമേരിക്കയിൽ പോയി. നിലവിൽ അവിടെയാണ് പ്രവർത്തനം. 2020 വരെ വാട്ടർ ആൻഡ് സാനിറ്റേഷൻ സെക്രട്ടറിയായി കരാറടിസ്ഥാനത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.

Read more

കോഴിക്കോട് സ്വദേശി എയർ മാർഷൽ പി.വി.അയ്യരുടെയും കല്യാണിയുടെയും മകനാണ് പരമേശ്വരൻ അയ്യർ. ശ്രീനഗറിലാണ് ജനനം. ഡൂൺ സ്‌കൂളിലും ഡൽഹിയിലെ സെയ്ന്റ് സ്റ്റീഫൻസ് കോളജിലുമായിരുന്നു വിദ്യാഭ്യാസം.