അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനം തുടർന്ന് പാക്കിസ്ഥാൻ. നിയന്ത്രണരേഖയിൽ ഒൻപതാം ദിവസവും പാക്ക് വെടിവയ്പ്പുണ്ടായി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. അതേസമയം പെഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ച് മറ്റ് രാജ്യങ്ങളുടെ സഹായം തേടിയിരിക്കുകയാണ് പാക്കിസ്ഥാൻ. ഇടപെടണമെന്ന് സൗദി അറേബ്യയോടും യുഎഇയോടും അഭ്യർഥിച്ചു.
അതേസമയം പാകിസ്ഥാനെതിരെ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണ്യ നിധിയെയും സമീപിക്കാനൊരുങ്ങുകയാണ് ഇന്ത്യ. പാകിസ്ഥാനുള്ള ധനസഹായം നിർത്തണം എന്നാണ് ആവശ്യം. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്, എഫ്എടിഎഫിനോട് പാകിസ്ഥാനെ വീണ്ടും ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താനും ആവശ്യപ്പെടും.
Read more
ഇതിനിടെ കരയിൽ നിന്ന് കരയിലേക്ക് തൊടുക്കുന്ന ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷണത്തിന് പാകിസ്ഥാൻ തയ്യാറെടുക്കുന്നതായി ഇന്ത്യക്ക് സൂചന ലഭിച്ചു. പരീക്ഷണം അടുത്തയാഴ്ച നടക്കുമെന്നാണ് വിവരം ലഭിച്ചത്. പരീക്ഷണം പ്രകോപനമായി കാണുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.