പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടി ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ 15 കശ്മീരികള്‍ കൊല്ലപ്പെട്ടു. കശ്മീരിലെ പൂഞ്ച് സെക്ടറില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തിലാണ് 15 പേര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 43 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പൂഞ്ച് സെക്ടറിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് പാക് സൈന്യം സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ജനവാസ മേഖലയില്‍ വീടുകള്‍ ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്റെ ഒരു സൈനിക കേന്ദ്രത്തെ പോലും ആക്രമിച്ചിട്ടില്ലെന്നും തകര്‍ത്തത് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പറഞ്ഞു.
ഇന്ത്യയ്ക്ക് നേരെയുള്ള ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്. സമചിത്തതയോടെയും മാനവികത ഉയര്‍ത്തി പിടിച്ചുമാണ് സേന പെരുമാറിയതെന്നും പറഞ്ഞ രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തെയും പ്രകീര്‍ത്തിച്ചു. അതേസമയം, നയതന്ത്ര പ്രതിനിധികളോട് ഇന്നത്തെ സൈനിക നീക്കം ഇന്ത്യ വിശദീകരിച്ചു.
കൃത്യമായ ശ്രദ്ധയോടെയാണ് ആക്രമണം നടത്തിയത്. പാകിസ്ഥാനെതിരെ ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. സിന്ദൂറിന് പിന്നാലെ വെടിവയ്പ്പ് നടത്തിയ പാകിസ്ഥാനില്‍ പിന്നാലെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്റെ കുടുംബത്തിലെ 14 പേരടക്കം 32 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
Read more
പുലര്‍ച്ചെ 1.05 മുതല്‍ ഒന്നര വരെ ശക്തമായ ആക്രമണമാണ് ഇന്ത്യ നടത്തിയത്. പാകിസ്ഥാനിലെ ഭവല്‍ പൂര്‍, മുറിട്‌കേ, സിലാല്‍കോട്ട്, കോട്‌ലി, ഭിംബീര്‍, ടെഹ്‌റകലാന്‍, മുസഫറബാദ് എന്നിവടങ്ങളിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. രാത്രി മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമണം നിരീക്ഷിച്ചു.







