നമുക്ക് സമാധാനം കൊണ്ടുവരാം, നമ്മുടെ ജനങ്ങളുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തില്‍ ശ്രദ്ധയൂന്നാം; മോദിക്ക് മറുപടിയുമായി ഷഹബാസ് ഷെരീഫ്

ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ സമാധാനമാണ് വേണ്ടതെന്ന് പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. നരേന്ദ്ര മോദിയുടെ അഭിനന്ദന സന്ദേശത്തോട് ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ദേശീയ അസംബ്ലിയില്‍ നടത്തിയ ആദ്യ പ്രസംഗത്തിലും കശ്മീര്‍ വിഷയം ഉള്‍പ്പെടെ ഷഹബാസ് ഉയര്‍ത്തിക്കാട്ടിയിരുന്നു.

നരേന്ദ്ര മോദിയുടെ ആശംസകള്‍ക്ക് നന്ദി. ഇന്ത്യയുമായി സമാധാനപൂര്‍ണവും സഹകരണത്തിലധിഷ്ഠിതവുമായ ബന്ധമാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത്. ജമ്മു കശ്മീര്‍ വിഷയത്തില്‍ ഉള്‍പ്പെടെ സമാധാനപൂര്‍ണമായ പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണ്’ – ഷഹബാസ് ഷരീഫ് ട്വീറ്റ് ചെയ്തു.

‘ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാനുണ്ടായിട്ടുള്ള നഷ്ടങ്ങളും സഹനങ്ങളും എല്ലാവര്‍ക്കും അറിവുള്ളതാണ്. നമുക്ക് സമാധാനം കൊണ്ടുവരാം. നമ്മുടെ ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തില്‍ ശ്രദ്ധയൂന്നാം’ – ഷഹബാസ് കുറിച്ചു.

മുമ്പ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഷഹബാസ് ഷരീഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. ഭീകരതയ്ക്ക് ഇടമില്ലാത്ത, സമാധാനവും സ്ഥിരതയുള്ള പ്രദേശമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എങ്കില്‍ മാത്രമേ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയൂ. ആളുകളുടെ അഭിവൃദ്ധിയും സൗഖ്യവും ഉറപ്പിക്കാന്‍ കഴിയൂ എന്നും മോദി ചൂണ്ടിക്കാട്ടിയിരുന്നു.