വനിതാ ഹോസ്റ്റലില്‍ പാക് വിജയാഘോഷം; കശ്മീരിലെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് എതിരെ യു.എ.പി.എ ചുമത്തി

കശ്മീരില്‍ വനിതാ ഹോസ്റ്റലില്‍ ലോക കപ്പ് ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്കെിരായ പാകിസ്ഥാന്റെ വിജയം ആഘോഷിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥികൾക്കെതിരെ യു.എ.പി.എ ചുമത്തി. വീഡിയോ ദൃശ്യങ്ങള്‍ തെളിവായി എടുത്താണ് ജമ്മു കശ്മീര്‍ പൊലീസ് മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ രണ്ട് കേസുകള്‍ രജിസ്ട്രര്‍ ചെയ്തത്.

ആഘോഷ പരിപാടികളുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ശ്രീനഗർ മെഡിക്കൽ കോളജിലെയും ഷേറെ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെയും വനിതാ ഹോസ്റ്റലിലെ വിദ്യാർത്ഥികളാണ് പാക് വിജയം ആഘോഷിച്ചത്. വിദ്യാർത്ഥികൾ പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്‍റെ വീഡിയോകള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ്.

Read more

വിദ്യാര്‍ഥികള്‍ക്ക് നേരെ യു.എ.പി.എ പോലുള്ള നിയമങ്ങള്‍ ചുമത്തിയതിനെതിരെ കശ്മീരി നേതാക്കള്‍ രംഗത്തു വന്നിട്ടുണ്ട്. മറ്റൊരു ടീമിനെ പിന്തുണച്ചതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റു പറ്റിയതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അവരെ തിരുത്താനാവശ്യമായ ഇടപെടലാണ് വേണ്ടതെന്ന് കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫ്രന്‍സ് നേതാവ് സജാദ് ലോണ്‍ പറഞ്ഞു. യു.എ.പി.എ പോലുള്ള നിയമങ്ങള്‍ തിരുത്താന്‍ സഹായിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.