പാക് പിന്തുണയുള്ള സംഘടന ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നു; കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

പാകിസ്ഥാന്റെ പിന്തുണയുള്ള ഭീകര സംഘടന രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. കേരളം, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.

2022ല്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. കേരളത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ഗസ് വ ഇ ഹിന്ദ് എന്ന സംഘടനയുമായി ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. 2022 ജൂലൈ 14ന് ബീഹാര്‍ പാട്‌ന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം ഉള്‍പ്പെടെ പദ്ധതിയിട്ട് ഭീകര പ്രവര്‍ത്തനം ആസൂത്രണം ചെയ്തിരുന്ന അഹമ്മദ് ഡാനിഷ് എന്ന ഭീകരവാദിയെ പാട്‌ന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ യുവാക്കളെ അംഗങ്ങളാക്കി ആക്രമണങ്ങള്‍ ലക്ഷ്യം വച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്.