ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടികൂടി; പത്ത് പേര്‍ കസ്റ്റഡിയില്‍

ഗുജറാത്ത് തീരത്തിന് സമീപം ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് പ്രവേശിച്ച പാകിസ്ഥാന്‍ ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (ഐസിജി) പിടികൂടി. യാസീന്‍ എന്ന് പേരുള്ള ബോട്ടാണ് പിടികൂടിയത്. ശനിയാഴ്ച രാത്രി കോസ്റ്റ് ഗാര്‍ഡ് നടത്തിയ തിരച്ചിലിലാണ് ബോട്ട് പിടിയിലായത്.

ബോട്ടില്‍ 10 ജീവനക്കാരുണ്ടായിരുന്നു. ബോട്ട് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ ആറ്-ഏഴ് മൈല്‍ ഉള്ളിലായിരുന്നു. ജീവനക്കാര്‍ ഐസിജി കപ്പല്‍ കണ്ടതിനെ തുടര്‍ന്ന് അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ട് ടണ്‍ മത്സ്യവും 600 ലിറ്റര്‍ ഇന്ധനവും ബോട്ടില്‍ നിന്ന് കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു.

ബോട്ടില്‍ ഉണ്ടായിരുന്ന ജീവനക്കാരെ ചോദ്യംചെയ്യലിനായി പോര്‍ബന്തറിലേക്ക് കൊണ്ട് പോയി. ഗുജറാത്ത് തീരത്ത് കൂടെ ലഹരി കടത്തുന്നതിനായി ഇത്തരം ബോട്ടുകള്‍ ഉപയോഗിക്കുന്ന സംഭവങ്ങള്‍ അടുത്ത കാലത്ത് വര്‍ധിച്ചിരുന്നു. 2020 സെപ്റ്റംബര്‍ 15ന് പാകിസ്ഥാനില്‍ നിന്ന് ഗുജറാത്ത് തീരത്തേക്ക് 12 ജീവനക്കാരുമായി എത്തിയ ബോട്ട് ഐസിജി പിടികൂടിയിരുന്നു. പാകിസ്ഥാാനില്‍ നിന്ന് 400 കോടി രൂപ വിലമതിക്കുന്ന 77 കിലോ ഹെറോയിനുമായി ഡിസംബര്‍ 20ന് എത്തിയ മത്സ്യബന്ധന ബോട്ടും ഗുജറാത്ത് തീരത്തുനിന്ന് പിടികൂടിയിരുന്നു.