'പാവപ്പെട്ടവര്‍ക്ക് എതിരെ ബി.ജെ.പി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു, കെജ്‌രിവാള്‍ പങ്ക് വ്യക്തമാക്കണം' ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കലിന് എതിരെ ഉവൈസി

ഡല്‍ഹി ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കല്‍ നടപടികള്‍ക്കെതിരെ ആള്‍ ഇന്ത്യ മജ്ലിസ്- ഇ- ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി. ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും പോലെ ഡല്‍ഹിയിലും വീടുകള്‍ തകര്‍ത്ത് പാവപ്പെട്ടവര്‍ക്കെതിരെ ബിജെപി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്റെ പങ്ക് വ്യക്തമാക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു.

ഏറ്റവും പാവപ്പെട്ടവര്‍ക്കെതിരെ ബിജെപി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. നോട്ടീസ് നല്‍കലോ, കോടതിയില്‍ പോകാനുള്ള സാവകാശമോ ഇല്ല. ജീവിച്ചിരിക്കാന്‍ ധൈര്യം കാണിച്ചതിന് പാവപ്പെട്ട മുസ്ലിംങ്ങളെ ശിക്ഷിക്കുകയാണെന്ന് ഉവൈസി പറഞ്ഞു. കെജ്‌രിവാളിന്റെ പങ്ക് അദ്ദേഹം തന്നെ വ്യക്തമാക്കണം. സര്‍ക്കാരിന്റെ പിഡബ്ല്യുഡി ഈ പൊളിക്കല്‍ യജ്ഞത്തിന്റെ ഭാഗമാണോ എന്ന് ഉവൈസി ചോദിച്ചു.

‘ഇത്തരം വഞ്ചനകള്‍ക്കും ഭീരുത്വത്തിനും വേണ്ടിയാണോ ജഹാംഗീര്‍പുരിയിലെ ജനങ്ങള്‍ അദ്ദേഹത്തിന് വോട്ട് ചെയ്തത്? പൊലീസ് ഞങ്ങളുടെ നിയന്ത്രണത്തിലല്ല’ എന്ന പതിവ് പല്ലവി ഇവിടെ വിലപ്പോവില്ല.’ അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പില്‍ കോര്‍പ്പറേഷന്റേതാണ് ഒഴിപ്പിക്കല്‍ നടപടി.

അതേസമയം ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് സംഘര്‍ഷമുണ്ടായ ജഹാംഗീര്‍പുരിയില്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാനുള്ള നോര്‍ത്ത് ഡല്‍ഹി കോര്‍പ്പറേഷന്റെ നീക്കം സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്. പ്രദേശത്ത് നിലവിലെ സ്ഥിതി തുടരാന്‍ ജസ്റ്റിസ് എന്‍ വി രമണ നിര്‍ദ്ദേശം നല്‍കി. കേസില്‍ നാളെ വിശദവാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

സ്ഥലത്തെ കയ്യേറ്റങ്ങള്‍ ഇന്നും നാളെയുമായി ഒഴിപ്പിക്കാനായിരുന്നു കോര്‍പ്പറേഷന്റെ നീക്കം. ക്രമസമാധാന പാലനത്തിനായി 400 പൊലീസുകാരെ കോര്‍പ്പറേഷന്‍ പ്രദേശത്ത് വിന്യസിച്ചിരുന്നു. കെട്ടിടങ്ങള്‍ പൊളിക്കാന്‍ പത്ത് ബുള്‍ഡോസറുകളും സ്ഥലത്തെത്തിച്ചിരുന്നു.

നടപടിയില്‍ രാഷ്ട്രീയ ഇടപെടലില്ലെന്നാണ് നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പറയുന്നത്. എന്നാല്‍ സംഘര്‍ഷത്തിലെ കുറ്റാരോപിതരുടെ കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നതായും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. നേരത്തെ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ സംഘര്‍ഷമേഖലകളില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തല്‍ നടത്തിയത് വിവാദമായിരുന്നു.