യാചകരെ പോലെ ഞങ്ങളെ പരിഗണിക്കരുത്; ബാബ്‌റി മസ്ജിദ് മാത്രമല്ല, മറ്റ് പള്ളികളിലും ബി.ജെ.പിക്കും സംഘ്പരിവാറിനും കണ്ണുണ്ടെന്ന് ഒവൈസി

ബിജെപിക്കും സംഘ്പരിവാറിനും മറ്റ് പള്ളികളിലും കണ്ണുണ്ടെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. അവരുടെ കൈയില്‍ പട്ടികയില്ലെന്ന് പറയുന്നു. എന്നാല്‍, എന്തുകൊണ്ടാണ് കാശിയിലെയും മധുരയിലെയും പള്ളികളിന്മേലുള്ള കേസുകള്‍ പിന്‍വലിക്കാത്തതെന്നും ഒവൈസി ചോദിച്ചു. മതേതര പാര്‍ട്ടികളെന്ന് അവകാശപ്പെടുന്നവരുടെ മൗനത്തെയും അദ്ദേഹം വിമര്‍ശിച്ചു.

ബാബ്‌രി മസ്ജിദ് നിയമവിരുദ്ധമായാണ് നിലനിന്നിരുന്നതെങ്കില്‍ എല്‍ കെ അദ്വാനിയെ എന്തിനാണ് വിചാരണ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇനി ബാബ്‌രി മസ്ജിദ് നിയമവിധേയമാണെങ്കില്‍ എന്തിനാണ് അദ്വാനിക്ക് ഭൂമി നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. ആരുടെങ്കിലും വീട് തകര്‍ത്തവര്‍ക്ക് അതേ വീട് എങ്ങനെ ലഭ്യമായതെന്നും ഒവൈസി പറഞ്ഞു.

ഹൈദരാബാദില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഒവൈസി. ബാബ്‌രി മസ്ജിദ് എന്നത് നിയമപരമായ അവകാശമാണ്. ആരുടെയും ദയ ആവശ്യപ്പെടുന്നില്ല. യാചകരെ പോലെ ഞങ്ങളെ പരിഗണിക്കരുത്. രാജ്യത്തെ പൗരന്മാരുടെ പരിഗണനയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ മുസ്ലിം സംഘടനകള്‍ക്ക് വേണ്ടി പോരാടിയ അഭിഭാഷകരെയും അദ്ദേഹം അഭിനന്ദിച്ചു.