24 മണിക്കൂറിനിടെ 66,999 കോവിഡ് രോ​ഗബാധിതർ; ഇന്ത്യയിൽ മരണം 47,033 ആയി

ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണവും മരണസംഖ്യയും ആശങ്ക ഉർത്തി വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 66,999 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് രോ​ഗബാധിതരുടെ എണ്ണം 23,96,637 ആയി ഉയർന്നു.

ആയിരത്തിനടുത്ത് ദിവസേന മരണം റിപ്പോർട്ട് ചെയ്യുന്നതോടെ മരണസംഖ്യ അര ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ മാത്രം 942 പേരാണ് കോവിഡ് ബാധ മൂലം മരിച്ചത്. ഇതോടെ മരണം 47,033 ആയെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനയാണുള്ളത്. ബുധനാഴ്ച മാത്രം 12,712 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോ​ഗബാധയേറ്റവരുടെ എണ്ണം 5,48,313 ആയി. 18,650 പേർ മഹാരാഷ്ട്രയിൽ കോവിഡ് ബാധ മൂലം മരിച്ചു.

രാജ്യത്ത് രോ​ഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ ഇന്നലെ 5,871 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,14,520 ആയി.