കർഷകർക്ക് മേൽ മന്ത്രിയുടെ വാഹനം ഓടിച്ച് കയറ്റുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങൾ പുറത്ത്

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകർക്ക് മേൽ വാഹനമോടിച്ച് കയറ്റുന്നതിന്റെ വ്യക്തവും, ദൈർഘ്യമേറിയതുമായ വീഡിയോ പുറത്തുവന്നു. ഞായറാഴ്ച അക്രമാസക്തമായ ഏറ്റുമുട്ടൽ ഉണ്ടാവുന്നതിന് മുമ്പ് എന്താണ് സംഭവിച്ചതെന്ന് വീഡിയോ വെളിപ്പെടുത്തുന്നു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തന്റെ കുടുംബത്തിന്റേതാണെന്ന് സ്ഥിരീകരിച്ചു ഒരു കറുത്ത എസ്‌യുവി നിരായുധരായ പ്രതിഷേധക്കാരുടെ കൂട്ടത്തിലേക്ക് അതിവേഗം ഓടിച്ചു കയറ്റുന്നത് വീഡിയോയിൽ വ്യക്തമായും കാണാം.

മഹീന്ദ്ര താർ എന്ന തങ്ങളുടെ വാഹനം ആക്രമിക്കപ്പെട്ടുവെന്ന മന്ത്രി അജയ് മിശ്രയുടെയും മകന്റെയും അവകാശവാദങ്ങളെ എതിർക്കുന്നതാണ് വീഡിയോ. വാഹനത്തിന് നേരെ കല്ലുകളും വടികളും ഉപയോഗിച്ച് ആക്രമിച്ചപ്പോൾ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ട് കർഷകരെ ഇടിക്കുകയായിരുന്നു എന്നാണ് മന്ത്രി പറഞ്ഞത്.

എന്നാൽ മന്ത്രി പറഞ്ഞത് പോലെ കാറിനുനേരെ ആരും കല്ലുകളോ വടികളോ എറിയുന്നില്ല. ഞായറാഴ്ച നടന്ന അക്രമത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ടു പേർ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഈ വീഡിയോയിൽ, ഡ്രൈവർ സ്റ്റിയറിംഗ് വീലിൽ മുറുകെ പിടിക്കുകയും മുന്നിൽ മാർച്ച് ചെയ്യുന്ന ഒരു കൂട്ടം കർഷകരിലേക്ക് വളരെ വേഗത്തിൽ എസ്‌യുവി ഓടിക്കുകയും ചെയ്യുന്നു. സാക്ഷികൾ പറയുന്നതനുസരിച്ച്, ഈ സംഭവത്തിന് ശേഷമാണ്, പ്രകോപിതരായ ജനക്കൂട്ടം കാറുകൾ ആക്രമിക്കുകയും തീയിടുകയും വാഹനവ്യൂഹത്തിലുണ്ടായിരുന്ന നാല് പേരെ തല്ലിക്കൊല്ലുകയും ചെയ്തത്.