അവയവദാനത്തിന് പങ്കാളിയുടെ സമ്മതം ആവശ്യമില്ല; സ്ത്രീ ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് ഹൈക്കോടതി

അവയവദാനത്തിന് പങ്കാളിയുടെ സമ്മതം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഡൽഹി ഹൈക്കോടതി. സ്വന്തം ശരീരത്തിനുമേലുള്ള അവകാശം വ്യക്തിയിൽ അധിഷ്ഠിതമാണ്. വ്യക്തിപരവും അനിഷേധ്യവുമായ അവകാശം ഇണയുടെ സമ്മതത്തിന് വിധേയമാണെന്ന് അംഗീകരിക്കാൻ കഴിയില്ലന്നും കോടതി വ്യക്തമാക്കി.

സ്വന്തം പിതാവിന് അവയവദാനം ചെയ്യാൻ ഭർത്താവിന്റെ അനുമതി പത്രം വേണമെന്ന് ആവശ്യപ്പെട്ട ആശുപത്രി അധികൃതർക്കെതിരെ ഡൽഹി സ്വദേശിനി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. 1994-ലെ മനുഷ്യാവയവങ്ങൾ മാറ്റിവയ്ക്കൽ നിയമത്തിന്റെ 2(എഫ്) പ്രകാരം ഹർജിക്കാരി പ്രായപൂർത്തിയായതിനാൽ സ്വന്തം ഇഷ്ടപ്രകാരം അവയവദാനം നടത്താമെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് യശ്വന്ത് വർമ്മയാണ് ഹർജി പരിഗണിച്ചത്. നിയമപരമായി വിവാഹമോചനം നേടിയെട്ടില്ലെങ്കിലും ഹർജിക്കാരി ഭർത്താവുമായി പിരിഞ്ഞു താമസിക്കുകയാണ്. ഇതിനിടെയാണ് പിതാവിന് വൃക്കദാനം ചെയ്യാൻ ശ്രമിച്ചത്. എന്നാൽ ഭർത്താവിൽ നിന്ന് അനുമതി പത്രമില്ലാതെ ശസ്ത്രക്രിയ നടത്തില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇതേ തുടർന്നാണ് യുവതി കോടതിയെ സമീപിച്ചത്.