"വിയോജിപ്പുകളുടെ വാമൂടിക്കെട്ടുന്നു": മൂന്ന് മുൻ കശ്മീർ മുഖ്യമന്ത്രിമാരെ മോചിപ്പിക്കണം; കേന്ദ്ര സർക്കാരിന് സംയുക്ത പ്രമേയം അയച്ച്‌ പ്രതിപക്ഷം

കശ്മീരിലെ എല്ലാ രാഷ്ട്രീയ തടവുകാരെയും, പ്രത്യേകിച്ച് മൂന്ന് മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എട്ട് പ്രതിപക്ഷ പാർട്ടികൾ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് സംയുക്ത പ്രമേയം അയച്ചു.

ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം അനുവദിച്ച ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സർക്കാർ അവസാനിപ്പിച്ച് സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച ഓഗസ്റ്റ് മുതൽ മുൻ മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും തടങ്കലിലാണ്.

“നരേന്ദ്ര മോദി സർക്കാരിനു കീഴിൽ നിർബന്ധിത ഭരണപരമായ നടപടികളിലൂടെ ജനാധിപത്യപരമായ വിയോജിപ്പുകളുടെ വാമൂടിക്കെട്ടുകയാണ്, ഇത് നമ്മുടെ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാന ആശയങ്ങളെ അപകടത്തിലാക്കുന്നു.” പ്രമേയത്തിൽ പറയുന്നു.