ലോക്‌സഭയിലെ ഓപ്പറേഷൻ സിന്ദൂർ ചർച്ച; അമിത് ഷായുടെ പ്രസംഗത്തെ കൈയടിച്ച് പിന്തുണച്ച് ശശി തരൂർ

ലോക്‌സഭയിലെ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചയിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസംഗത്തിന് കൈയടിച്ച് പ്രോത്സാഹിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ വധിച്ചെന്ന് അമിത് ഷാ പ്രസംഗത്തിൽ വെളിപ്പെടുത്തിയപ്പോഴാണ് തരൂർ ഡസ്‌കിലടിച്ച് പിന്തുണച്ചത്. പ്രതിപക്ഷത്തു നിന്ന് മറ്റാരും ഡസ്കിലടിച്ചില്ല.

പാകിസ്ഥാന്‌ ഇന്ത്യ ചുട്ടമറുപടി നൽകിയെന്ന്‌ അമിത്‌ ഷാ പറഞ്ഞപ്പോൾ തരൂർ ഡെസ്‌കിലടിച്ച്‌ പ്രോത്സാഹിപ്പിച്ചത്. തരൂരിന്‌ പിന്നാലെ കോൺഗ്രസിലെ മറ്റൊരു മുതിർന്ന നേതാവായ മനീഷ് തിവാരിയും പാർട്ടി നേതൃത്വത്തിന് പരോക്ഷ മറുപടിയുമായി രംഗത്തെത്തി. ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ ലോക്‌സഭയിൽ സംസാരിക്കുന്ന കോൺഗ്രസ് എംപിമാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട മനീഷ് തിവാരി, ഭാരതത്തിന്റെ മഹത്ത്വത്തെ വാഴ്ത്തുന്നുവെന്ന ഗാനത്തിൻ്റെ ഭാഗമാണ് എക്സിൽ പങ്കുവെച്ചത്.

Read more

ചർച്ചയിൽ പങ്കെടുക്കാൻ അനുവാദം ചോദിച്ചെങ്കിലും പാർട്ടി നിരാകരിച്ചതിനു പിന്നാലെയാണ് തിവാരിയുടെ പ്രതികരണം. മനോജ് കുമാർ അഭിനയിച്ച പൂരബ് ഓർ പശ്ചിം എന്ന ചിത്രത്തിലെ ഗാനം എക്‌സിൽ പങ്കുവെച്ച തിവാരി, ഞാൻ ഭാരതീയനാണ്, ഭാരതത്തിൻ്റെ മഹത്ത്വത്തെ വാഴ്ത്തുന്നു, ജയ്ഹിന്ദ് എന്ന് കുറിച്ചു. കേന്ദ്രസർക്കാർ വിദേശത്തേക്കയച്ച കോൺഗ്രസ് എംപിയാണ് മനീഷ് തിവാരി. തരൂരിനൊപ്പം നേതൃത്വത്തിനെതിരേ സോണിയാഗാന്ധിക്ക് കത്തെഴുതിയ സംഘത്തിലും തിവാരി ഉൾപ്പെട്ടിരുന്നു.