തൃണമൂലിന് ശേഷം ബിജെപിയില്‍; ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ് ബിജെപിയില്‍ ചേര്‍ന്നു

പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ് ബിജെപിയില്‍ ചേര്‍ന്നു. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ടെന്നീസ് താരം പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍ 23നും 29നും രണ്ട് ഘട്ടമായി നടക്കാനിരിക്കെയാണ് ബിജെപി അംഗത്വം എടുത്തത്.

ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഉള്‍പ്പെടെയുള്ള ബിജെപി മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് പേസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പേസിന്റെ ബിജെപി പ്രവേശനം ചര്‍ച്ചയാവുന്നുണ്ട്.

2021 ല്‍ പെയ്സ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും 2022 ലെ ഗോവ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയ്തിരുന്നു. അന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയില്‍ നിന്ന് ഗോവയിലെ പാര്‍ട്ടി തിരഞ്ഞെടുപ്പ് നേതൃത്വത്തിനായി പാര്‍ട്ടി കൊടി ഏറ്റുവാങ്ങിയിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം, പേസ് ഔദ്യോഗികമായി ന്യൂഡല്‍ഹിയില്‍ വെച്ച് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി അംഗത്വം എടുത്ത ശേഷം അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

”എന്റെ ജീവിതത്തിലെ ഒരു വലിയ ദിവസമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, നിതിന്‍ നബിന്‍ എന്നിവരോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ രാജ്യത്തെ ജനങ്ങളെയും യുവാക്കളെയും സേവിക്കാന്‍ ബിജെപി എനിക്ക് അവസരം നല്‍കി. ബിജെപി അംഗത്വം എന്റെ ഉത്തരവാദിത്തമാണ്,”

ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് പാര്‍ട്ടി അംഗത്വം എടുക്കും മുമ്പ് കൊല്‍ക്കത്തയില്‍ ബിജെപി അധ്യക്ഷന്‍ നിതിന്‍ നബിനുമായി ടെന്നീസ് താരം അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു.