കശ്മീരിലൂടെയുള്ള 'നടത്തം' സുരക്ഷിതമല്ല, കാര്‍ സഞ്ചാരം ഉചിതം, ശ്രീനഗറില്‍ ആള്‍ക്കൂട്ടം പാടില്ല; രാഹുലിന് മുന്നറിയിപ്പ് നല്‍കി കേന്ദ്രം

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കേന്ദ്രസുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കാനിരിക്കെയാണ് സുരക്ഷ സംബന്ധിച്ച് രാഹുലിന് കേന്ദ്രസുരക്ഷാ ഏജന്‍സികള്‍ ചില മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചില ഭാഗങ്ങളില്‍ കാല്‍നട യാത്ര നടത്തരുതെന്നും കാറില്‍ സഞ്ചരിക്കണമെന്നുമാണ് നിര്‍ദേശം.

യാത്ര ശ്രീനഗറില്‍ എത്തുമ്പോള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ലെന്ന് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. യാത്ര കടന്നു പോകുന്ന പ്രദേശങ്ങളില്‍ ശക്തമായ സുരക്ഷാ പരിശോധന തുടരുകയാണ്.

രാഹുല്‍ ഗാന്ധിക്ക് നിലവില്‍ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുണ്ട്. യാത്രയ്ക്കിടെ നിരവധി സുരക്ഷാവീഴ്ചകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

Read more

വ്യാഴാഴ്ചയാണ് ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കുക. നിലവില്‍ പഞ്ചാബിലാണ് യാത്ര പര്യടനം തുടരുന്നത്. നാളെ ഹിമാചല്‍ പ്രദേശില്‍ പ്രവേശിക്കും. വീണ്ടും പഞ്ചാബിലൂടെ സഞ്ചരിച്ച് വ്യാഴാഴ്ച കശ്മീരിലെ കാഠ്വയില്‍ പ്രവേശിക്കും.