കോണ്‍ഗ്രസിന്റെ കുത്തകസീറ്റില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കാന്‍ ബിജെപി; സോണിയയുടെ റായ്ബറേലിയില്‍ നൂപുര്‍ ശര്‍മയുടെ പേര് ഉയര്‍ത്തി യുപി

പ്രവാചകനെതിരായ പരാമര്‍ശത്തില്‍ വിവാദത്തിലായ നൂപുര്‍ ശര്‍മയെ ബിജെപി കോണ്‍ഗ്രസിന്റെ കുത്തക സീറ്റ് പിടിക്കാന്‍ നിയോഗിക്കുന്നതായി റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശിലെ സാധ്യതാ സ്ഥാനാര്‍ഥിപ്പട്ടികയില്‍ വര്‍ഷങ്ങളായി നെഹ്‌റു കുടുബത്തിന്റെ കുത്തക മണ്ഡലമായ റായ്ബറേലിയില്‍ നിന്നാണ് ഇവരുടെ പേര് ഉയര്‍ന്നു കേട്ടിരിക്കുന്നത്.

ബിജെപിയുടെ മുന്‍ വക്താവായ നൂപുറിന് സോണിയ ഗാന്ധിയുടെ മണ്ഡലം പിടിക്കാനാവുമെന്നാണ് യുപി ബിജെപി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. എബിവിപിയിലൂടെ ബിജെപിയിലെത്തിയ നൂപുര്‍, 2008ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റായിരുന്നു.

2004 മുതല്‍ തുടര്‍ച്ചയായി സോണിയാ ഗാന്ധി വിജയിച്ചതാണ് റായ്ബറേലി മണ്ഡലം. ഇത്തവണ മത്സരിക്കാനില്ലെന്നു പറഞ്ഞ സോണിയ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019ല്‍ ഉത്തര്‍പ്രദേശിലെ 62 ലോക്‌സഭ മണ്ഡലങ്ങളിലും ബിജെപി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിനു കിട്ടിയ ഏക വിജയം റായ്ബറേലിയിലാണ്.

റായ്ബറേലിയില്‍ സോണിയയുടെ മകളും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കമുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണു നൂപുര്‍ ശര്‍മയുടെ പേര് ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്. കഴിഞ്ഞ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിനെതിരെ നൂപുര്‍ ശര്‍മ മത്സരിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ടിവി ചര്‍ച്ചയ്ക്കിടെയായിരുന്നു നൂപുര്‍ ശര്‍മയുടെ പ്രവാചകനെതിരായ പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ നൂപുറിനെയും ഡല്‍ഹി മാധ്യമ വിഭാഗം തലവന്‍ നവീന്‍ കുമാര്‍ ജിന്‍ഡലിനെയും ബിജെപി പുറത്താക്കി.