നൂപൂര്‍ ശര്‍മ്മ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്; സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ ഡല്‍ഹി പൊലീസ്

സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ, നുപൂര്‍ ശര്‍മ്മ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് അറിയിച്ച് ഡല്‍ഹി പൊലീസ്. എന്നാല്‍ നുപൂറിനെ അറസ്റ്റു ചെയ്തോ എന്നതില്‍ പൊലീസ് മൗനം പാലിക്കുകയാണ്. വിദ്വേഷം പരത്തി, മതവികാരം മുറിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ടാഴ്ച മുമ്പാണ് നുപൂറിന് ഡല്‍ഹി പൊലീസ് നോട്ടീസയച്ചിരുന്നത്.

ജൂണ്‍ 18നാണ് ബിജെപി മുന്‍ വക്താവില്‍നിന്ന് പൊലീസ് മൊഴിയെടുത്തത്. വീണ്ടും ചോദ്യം ചെയ്യലിനായി ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ല. ആവശ്യമുണ്ടെങ്കില്‍ നോട്ടീസ് നല്‍കാമെന്നാണ് അന്വേഷണ സംഘം പറയുന്നത്. വിവാദത്തില്‍ നുപൂര്‍ ശര്‍മ്മയ്ക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കോടതി ഉന്നയിച്ചിരുന്നത്.

‘രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന ഓരോന്നിനും ഈ സ്ത്രീയാണ് ഉത്തരവാദി. അനന്തരഫലത്തെ കുറിച്ചൊന്നും ചിന്തിക്കാതെ നിരുത്തവാദപരമായ വായാടിത്തമാണ് അവര്‍ നടത്തിയത്. ഒരു പാര്‍ട്ടിയുടെ ദേശീയ വക്താവാകുന്നത് നിന്ദ്യമായ കാര്യങ്ങളെല്ലാം വിളിച്ചു പറയാനുള്ള ലൈസന്‍സല്ല.’ – ജസ്റ്റിസ് സൂര്യകാന്ത്, ജെ.ബി പാര്‍ഡിവാല എന്നിവര്‍ അടങ്ങുന്ന ബഞ്ച് പറഞ്ഞിരുന്നു.

നുപൂറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതല്ലാതെ എന്തു തുടര്‍നടപടിയാണ് ഡല്‍ഹി പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് കോടതി ചോദിച്ചിരുന്നു. അതിനാണ് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ തങ്ങളുടെ ഭാഗം വ്യക്തമാക്കിയിട്ടുള്ളത്.