രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ബംഗാള്‍ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചകളിലും പ്രോട്ടോക്കോള്‍ ലംഘനങ്ങളിലും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ ബംഗാള്‍ ചീഫ് സെക്രട്ടറി നന്ദിനി ചക്രവര്‍ത്തിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. നാലു കാര്യങ്ങളിലാണ് കേന്ദ്രം സംസ്ഥാനത്തിന്റെ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പശ്ചിമബംഗാള്‍ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ- പ്രോട്ടോക്കോള്‍ വീഴ്ചകളെച്ചൊല്ലി തൃണമൂല്‍ കോണ്‍ഗ്രസും – ബിജെപിയും തമ്മിലുള്ള വാക്പോര് മുറുകുന്നതിനിടെയാണ് നീക്കം. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്കകം വിഷയത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറി നന്ദിനി ചക്രവര്‍ത്തിയോട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
രാഷ്ട്രപതിയെ സ്വീകരിക്കാനും യാത്രയാക്കാനും മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ ഡിജിപിയോ എത്താത്തതിലെ കാരണം, രാഷ്ട്രപതിക്കായി സജ്ജീകരിച്ച ശുചിമുറിയില്‍ വെള്ളം ഇല്ലായിരുന്നു, യാത്രയ്ക്കായി തിരഞ്ഞെടുത്ത വഴിയില്‍ മാലിന്യങ്ങള്‍ നിറഞ്ഞു കിടന്നിരുന്നു, രാഷ്ട്രപതിയുടെ പരിപാടിയില്‍ വീഴ്ച വരുത്തിയ ഡാര്‍ജിലിങ് ജില്ലാ മജിസ്ട്രേട്ട്, സിലിഗുരി പൊലീസ് കമ്മിഷണര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടിയെടുത്തു എന്നീ കാര്യങ്ങളിലാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. വൈകിട്ട് 5 മണിക്ക് മുന്‍പ് മറുപടി നല്‍കണമെന്നാണ് ആവശ്യം
രാഷ്ട്രപതിയുടെ സന്ദര്‍ശനവേളയിലെ പ്രോട്ടോക്കോള്‍, വേദി, വഴി എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായെന്ന് ആരോപിക്കപ്പെടുന്ന ലംഘനങ്ങളെക്കുറിച്ചാണ് സംസ്ഥാനത്തോട് കേന്ദ്രം വിശദീകരണം തേടിയിരിക്കുന്നത്. ബ്ലൂ ബുക്കിലെ നിര്‍ദേശങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടോയെന്ന് വിശദീകരിക്കാന്‍ ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് ആഭ്യന്തര സെക്രട്ടറി അയച്ച കത്തില്‍ പറയുന്നുണ്ട്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള സുരക്ഷ ഉറപ്പാക്കുന്നതിനേക്കുറിച്ചും പാലിക്കേണ്ട പ്രോട്ടോക്കോളിനെക്കുറിച്ചുള്ള നിര്‍ദേശങ്ങളാണ് ബ്ലൂ ബുക്കിലുള്ളത്.
രാഷ്ട്രപതി സംസ്ഥാനത്തെത്തിയപ്പോള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോ ചീഫ് സെക്രട്ടറിയോ ഡിജിപിയോ ഉണ്ടായിരുന്നില്ല. ബ്ലൂ ബുക്ക് പ്രകാരമുള്ള വലിയ പ്രോട്ടോക്കോള്‍ ലംഘനമാണിത്. ഇതിലും കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്. രാഷ്ട്രപതിക്ക് സജ്ജമാക്കിയ ശുചിമുറിയില്‍ വെള്ളമുണ്ടായിരുന്നില്ലെന്നും അതെന്തുകൊണ്ടാണെന്നും ആരാഞ്ഞിട്ടുണ്ടെന്നാണ് വിവരം. കൂടാതെ, രാഷ്ട്രപതി കടന്നുപോയ വഴി വൃത്തിഹീനമായിരുന്നെന്നും ചപ്പുചവറു നിറഞ്ഞതായിരുന്നെന്നുമുള്ള ആരോപണത്തിനും വിശദീകരണം തേടിയിട്ടുണ്ട്.
രാഷ്ട്രപതിയുടെ പരിപാടിയില്‍ താന്‍ പങ്കെടുക്കേണ്ട കാര്യമില്ലെന്നും പ്രോട്ടോക്കോള്‍ ലംഘനം നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. ബിജെപി രാഷ്ട്രപതിയുടെ പദവിയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ബംഗാള്‍ സര്‍ക്കാരിന്റെ നടപടി നാണക്കേടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചിരുന്നു. രാഷ്ട്രപതിയെ അപമാനിച്ചത് രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയെ അപമാനിക്കുന്നതിനു തുല്യമാണെന്നും നാരി ശക്തി ഇതിനു മാപ്പ് നല്‍കില്ലെന്നുമായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രതികരണം.
Read more
വീഴ്ചകളുടെ പശ്ചാത്തലത്തില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് മുന്നൊരുക്കങ്ങളുടെ ചുമതലയുള്ള ഡാര്‍ജിലിങ് ജില്ലാ മജിസ്ട്രട്ട്, സിലിഗുരി പോലീസ് കമ്മിഷണര്‍, എഡിഎം എന്നിവര്‍ക്കെതിരേ ആഭ്യന്തര സെക്രട്ടറി എന്നിവരോടും വിശദീകരണം തേടിയിട്ടുണ്ട്. അന്താരാഷ്ട്ര സാന്താള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി പശ്ചിമബംഗാളിലെത്തിയപ്പോഴാണ് പരിപാടിയുടെ വേദിമാറ്റം ഉള്‍പ്പെടെ സുരക്ഷാ-പ്രോട്ടോക്കോള്‍ വീഴ്ചകളുണ്ടായത്.







