മൂന്നാം മുന്നണി വേണ്ടാ, അത് ബി.ജെ.പിക്ക് ഗുണം ചെയ്യും: എ.ഐ.സി.സി രാഷ്ട്രീയ പ്രമേയം

മൂന്നാം മുന്നണി യാഥാര്‍ത്ഥ്യമായാല്‍ അത് ബി ജെ പിയെ മാത്രമേ സഹായിക്കൂവെന്ന് കോണ്‍ഗ്രസ്. റായ് പൂര്‍ എ ഐ സി സി പ്‌ളീനറി സമ്മേളനത്തിലെ രാഷ്ട്രീയപ്രമേയത്തിലാണ് ചില പ്രാദേശി കക്ഷികളുടെ മൂന്നാം മുന്നണി സ്വപ്‌നത്തെക്കുറിച്ച് വിമര്‍ശനമുള്ളത്. 2024 ലേക്കുള്ള രാഷ്ട്രീയ സഖ്യങ്ങളുടെ അടിത്തറയായി വേണ്ടത് മതേതര സോഷിലിസ്റ്റ് സഖ്യങ്ങളുടെ അടിത്തറയാണ് എന്ന് പ്‌ളീനറി പ്രഖ്യാപിച്ചു. 2004 ലേത് പോലുള്ള രാഷ്ട്രീയ സഖ്യത്തിന് കോണ്‍ഗ്രസ് തെയ്യാറാണെന്ന് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുനഖാര്‍ഗെ പ്രഖ്യാപിച്ചു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് രാഷ്ട്രീയ പ്രമേയത്തിന് രൂപം കൊടുത്തിട്ടുള്ളത്.

മൂന്നാം മുന്നണി യാഥാര്‍ത്ഥ്യമായാല്‍ അത് കോണ്‍ഗ്രസിന്റെ സാധ്യതകളെ കാര്യമായി ബാധിക്കും. ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കും. പ്രതിപക്ഷം രണ്ടുതട്ടിലാകും. അത് ബി ജെ പിയെ മാത്രമേ സഹായിക്കൂവെന്നും മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞു. വിപുലമായ മാറ്ങ്ങളാണ് കോണ്‍ഗ്രസ് ഭരണഘടനയില്‍ ഈ പ്‌ളീനറി സമ്മേളനത്തില്‍ ഉണ്ടാവുക.

പ്രവര്‍ത്തക സമിതി മുതല്‍ താഴേയ്ക്ക്  എല്ലാ കമ്മിറ്റികളിലും 50 ശതമാനം സംവരണം നല്‍കും. ദളിത്, യുവജന, അദിവാസി, ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് പരിഗണന നല്‍കാന്‍  വേണ്ടിയാണ് ഇത്. പ്രവര്‍ത്തകസമിതി അംഗങ്ങളുടെ എണ്ണം 35 ആക്കി. മുന്‍ പ്രധാനമന്ത്രിമാരും മുന്‍ അധ്യക്ഷന്‍മാരും രാജ്യസഭാ, ലോക്സഭാ കക്ഷി നേതാക്കളും പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗങ്ങളാകും. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ആജീവനാന്തം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുന്നതിനാണ് ഈ ഭരണഘടനാ ഭേദഗതി അവസരം ഒരുക്കുക.