2000 മുതൽ 2015 വരെയുള്ള ധർമസ്ഥലയിലെ അസ്വാഭാവിക മരണങ്ങളുടെ രേഖകൾ കാണാനില്ലെന്ന വിചിത്ര വാദവുമായി പൊലിസ്. ബെൽത്തങ്ങാടി പൊലീസിൻ്റെ മറുപടിയിലാണ് ഇത്തരത്തിൽ വിവരവകാശത്തിന് വിചിത്രമായ മറുപടി ഉള്ളത്. ധർമസ്ഥലയിൽ ദുരൂഹത വർധിപ്പിക്കുന്നതാണ് പൊലീസിൻ്റെ വിവരാവകാശ മറുപടി. ആക്ഷൻ കമ്മിറ്റി അംഗം ടി ജയന്താണ് അപേക്ഷ നൽകിയത്.
15 വർഷത്തെ അസ്വാഭാവിക മരണങ്ങളുടെ രേഖകൾ സ്റ്റേഷനിൽ ഇല്ലെന്നാണ് മറുപടി. 2024-ൽ ലഭിച്ച വിചിത്രമായ വിവരാവകാശ മറുപടി വീണ്ടും ചർച്ചയാക്കുകയാണ് ആക്ഷൻ കമ്മിറ്റി. 2000 മുതൽ 2015 വരെയുണ്ടായ അസ്വാഭാവിക മരണങ്ങളുടെ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ആവശ്യപ്പെട്ടു. എന്നാൽ ഈ വിവരങ്ങൾ സൂക്ഷിച്ചിട്ടില്ലെന്നാണ് ബെൽത്തങ്ങാടി പൊലീസിൻ്റെ മറുപടി.
സ്റ്റേഷൻ പരിധിയിൽ നൂറിലേറെ മൃതദേഹങ്ങൾ കുഴിച്ച് മൂടിയെന്നായിരുന്നു മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഒപ്പം നിരവധി പുരുഷന്മാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇയാളുടെ വെളിപ്പടുത്തൽ. നിരവധി കൊലപാതകങ്ങൾ താൻ നേരിൽ കണ്ടെന്നും അവ മറവ് ചെയ്തില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മൊഴിയിലുണ്ട്. ശുചീകരണ തൊഴിലാളി എന്നത് പേരിന് മാത്രമായിരുന്നു. ഭയാനകമായ കുറ്റ കൃത്യങ്ങളുടെ തെളിവുകൾ മറച്ചു വയ്ക്കുന്ന ജോലി ആയിരുന്നു തനിക്കെന്നും ഇയാൾ പറഞ്ഞു.







