മധ്യപ്രദേശില്‍ ഇറച്ചിയും മുട്ടയും തുറസായ സ്ഥലത്ത് വില്‍ക്കരുത്; നിരോധനം മോഹന്‍ യാദവ് മന്ത്രിസഭയുടെ പ്രഥമ യോഗത്തില്‍

മധ്യപ്രദേശില്‍ മോഹന്‍ യാദവ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഇറച്ചിയും മുട്ടയും തുറസായ സ്ഥലത്ത് വില്‍ക്കുന്നത് നിരോധിച്ചു. മുഖ്യമന്ത്രിയുടെ പ്രഥമ ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ നടപടി. കഴിഞ്ഞ ദിവസമാണ് മോഹന്‍ യാദവ് മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ആവശ്യമായ ബോധവത്കരണം പൊതുജനങ്ങള്‍ക്ക് നല്‍കിയ ശേഷം മാത്രമേ തീരുമാനം നടപ്പാക്കുകയുള്ളൂ എന്ന് മോഹന്‍ യാദവ് അറിയിച്ചു. ഡിസംബര്‍ 15 മുതല്‍ 31 വരെ ഇതിനായി ബോധവത്കരണം നടത്തും. ഭക്ഷ്യ സുരക്ഷാ വകുപ്പ്, പൊലീസ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് ബോധവത്കരണത്തിന്റെ ചുമതല നല്‍കിയിട്ടുള്ളത്.

ശ്രീരാമക്ഷേത്രത്തിലേക്കുള്ള പാതയിലൂടെ അയോധ്യയിലേക്ക് പോകുന്നവര്‍ക്ക് വരവേല്‍പ്പ് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഒബിസി വിഭാഗത്തില്‍ നിന്ന് വലിയ പിന്തുണയുള്ള മോഹന്‍ യാദവിന് ആര്‍എസ്എസുമായും ശക്തമായ ബന്ധമുണ്ട്. ജഗ്ദീഷ് ദേവ്ഡ, രാജേന്ദ്ര ശുക്ല എന്നിവരാണ് മോഹന്‍ യാദവ് മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിമാര്‍.