ബിജെപിയുമായി ഇനി കൂട്ടുകെട്ടില്ല; നിലപാടില്‍ മാറ്റമില്ല; തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിലെ സഖ്യനീക്കങ്ങള്‍ തള്ളി അണ്ണാ ഡിഎംകെ; കനത്ത തിരിച്ചടി

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയോട് അടുക്കില്ലെന്ന് അണ്ണാ ഡിഎംകെ. ബിജെപി നടത്തുന്ന സഖ്യനീക്കങ്ങള്‍ തള്ളിയാണ് അണ്ണാ ഡിഎംകെ നിലപാട് വ്യക്തമാക്കിയത്. ബിജെപിയുമായി ഒരുകാലത്തും സഖ്യമില്ലെന്നാണ് പാര്‍ട്ടി നിലപാടെന്നും അതില്‍ ഒരു വ്യത്യാസവുമില്ലെന്നും അണ്ണാ ഡിഎംകെ നേതാവ് ഡി ജയകുമാര്‍ പറഞ്ഞു.

ബിജെപിയുമായി നേരിട്ടോ അല്ലാതെയോയുള്ള കൂട്ടുകെട്ടിന് അണ്ണാ ഡിഎംകെ തയ്യാറല്ല. ഇക്കാര്യത്തില്‍ സംശയമില്ലെന്നുംനിയമസഭാ തിരഞ്ഞെടുപ്പിലെ സഖ്യംസംബന്ധിച്ച് കഴിഞ്ഞദിവസം പാര്‍ട്ടി ജനറല്‍ സെക്രട്ടറി നടത്തിയ പ്രതികരണം ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും ജയകുമാര്‍ വ്യക്തമാക്കി.

തമിഴ്‌നാട് നിയമസഭാതിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിന് തയ്യാറാകുമോയെന്ന ചോദ്യത്തിന് സഖ്യം തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയസാഹചര്യം അനുസരിച്ചായിരിക്കുമെന്നായിരുന്നു എടപ്പാടി പളനിസ്വാമിയുടെ പ്രതികരണം. അണ്ണാ ഡിഎംകെയുടെ നയങ്ങള്‍ അംഗീകരിക്കുന്ന പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ തടസ്സമില്ലെന്നും പറഞ്ഞിരുന്നു. ഇതോടെയാണ് ബിജെപി -അണ്ണാ ഡിഎംകെ സഖ്യത്തിന് സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പരന്നത്.

Read more

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെ മത്സരിച്ചത് ബിജെപിയ്ക്കും അണ്ണാ ഡിഎംകെയ്ക്കും കനത്ത തിരിച്ചടിയായിരുന്നു. അതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയുമായി സഖ്യത്തിന് ബിജെപി നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.