മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ല; അമ്മയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് യുവാവ് അമ്മയെ കുത്തിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ അമന്‍ ഗാര്‍ഡനില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. അമന്‍ ഗാര്‍ഡന്‍ സ്വദേശിനിയായ ദില്‍ഷാദ് ബീഗം(65) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിന് ശേഷം മകന്‍ ഷാരൂഖ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രതി ഷാരൂഖ് ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. മയക്ക് മരുന്ന് വാങ്ങാന്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഷാരൂഖിന്റെ ലഹരി ഉപയോഗത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് ശേഷം ഉറങ്ങാന്‍ കിടന്ന മാതാവിനെ യുവാവ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് പ്രതി വീട്ടില്‍ തളം കെട്ടി കിടന്ന രക്തം വൃത്തിയാക്കാന്‍ ശ്രമിച്ചതായും പൊലീസ് പറയുന്നു. ശനിയാഴ്ച പുലര്‍ച്ചെ 5ന് പ്രതി സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞ് കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തി. മെക്കാനിക് ജോലി നോക്കിയിരുന്ന പ്രതി നിലവില്‍ തൊഴില്‍ രഹിതനാണ്.