കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മില്‍ അധികാരം പങ്കുവെയ്ക്കാന്‍ ധാരണകളില്ലെന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വര.
ഹൈക്കമാന്‍ഡ് ആണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും എല്ലാവരും അത് അംഗീകരിക്കുമെന്നും പരമേശ്വര വ്യക്തമാക്കി.
താനും സിദ്ധരാമയ്യയും തമ്മില്‍ അത്തരമൊരു ധാരണ നിലനിന്നിരുന്നുവെന്നു ശിവകുമാര്‍ അടുത്തിടെ ന്യൂസ് ചാനലിനോട് പറഞ്ഞിരുന്നു. ഈ അവകാശവാദം സിദ്ധരാമയ്യ തള്ളിക്കളഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ തീരുമാനം അന്തിമമാണെന്നും അതില്‍ തര്‍ക്കമൊന്നുമില്ലെന്നും പിന്നീട് ശിവകുമാറും പ്രതികരിച്ചു.
കോണ്‍ഗ്രസ് അധികാരത്തിലേറുന്ന സമയത്ത്, ഇരുവരും തമ്മില്‍ ഇത്തരമൊരു ധാരണയുണ്ടെന്നു പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആദ്യത്തെ രണ്ടര വര്‍ഷത്തിനുശേഷം ശിവകുമാറിനു മുഖ്യമന്ത്രിപദം വിട്ടുനല്‍കുമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
അതേസമയം, കര്‍ണാടകയിലെ മുഖ്യമന്ത്രിസ്ഥാനം പങ്കിടുന്നത് സംബന്ധിച്ച് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറുമായുള്ള അധികാരം പങ്കിടല്‍ കരാറിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തള്ളിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മാര്‍ഗ നിര്‍ദേശത്തിനായി ഇരുവരും പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡിനെ സമീപിക്കും. പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് അദ്ദേഹം മാണ്ഡ്യയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Read more
വിഷയത്തില്‍ തനിക്ക് എതിര്‍പ്പില്ലെന്നും ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം അന്തിമമാണെന്നും ശിവകുമാര്‍ പ്രതികരിച്ചു. അഹിന്ദു സമുദായങ്ങള്‍ക്ക് പിന്തുണ ശേഖരിക്കാന്‍ സിദ്ധരാമയ്യയുടെ അനുയായികള്‍ കര്‍ണാടകയിലുടനീളം കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറും തങ്ങളുടെ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ തുല്യമായി അധികാരം പങ്കിടാന്‍ സമ്മതിച്ചതായി അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം.







